യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി കൊച്ചി വിമാനത്താവളം. ചരിത്രത്തിലാദ്യമായി ഒരു മാസം പത്ത് ലക്ഷം യാത്രക്കാരെന്ന നേട്ടമാണ് ഡിസംബർ മാസത്തിൽ സിയാൽ കൈവരിച്ചത്. 2024-ൽ ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനും കൊച്ചി വിമാനത്താവളത്തിന് സാധിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമുള്ള 10- വമ്പൻ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളുമാണ് സിയാൽ നടപ്പിലാക്കിയത്. ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവിൽ നടപ്പിലാക്കി.
സെപ്റ്റംബറിൽ തുറന്ന് നൽകിയ 0484 എയ്റോ ലോഞ്ച് രണ്ട് മാസം കൊണ്ട് 100 ശതമാനം ബുക്കിംഗ് എന്ന നേട്ടവും കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ ആഡംബര ഹോട്ടൽ സൗകര്യമൊരുക്കുന്ന സംവിധാനമാണ് എയ്റോ ലോഞ്ചിലൊരുക്കിയിട്ടുള്ളത്.