സോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ആണവായുധങ്ങൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള മിസൈൽ അനൈതെന്നു രാജ്യാന്തര വിദഗ്‌ധർ കരുതുന്നു. ഇന്നലെ ഉത്തരകൊറിയയിൽ നിന്ന് വിക്ഷേപിച്ച ഈ മിസൈൽ 1000 കിലോമീറ്റർ സഞ്ചരിച്ച് വടക്കുകിഴക്കൻ കടലിൽ പതിച്ചു. 2025ൽ ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈൽ പരീക്ഷണമാണിത്. ഈ മിസൈൽ പരീക്ഷണത്തോടെ കൊറിയൻ പെനിൻസുലയിൽ വീണ്ടും സംഘർഷാവസ്ഥ സംജാതമായി. രണ്ട് മാസം മുമ്പാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിനിടയിലാണ് ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണം.
ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനും ദക്ഷിണ കൊറിയയിലെ രാഷ്‌ട്രീയ സംഘർഷങ്ങൾചർച്ച ചെയ്യുന്നതിനുമാണ് ആൻ്റണി ബ്ലിങ്കന്റെ ദക്ഷിണ കൊറിയ സന്ദർശനം.റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സ്ഥാനമേൽക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഉത്തരകൊറിയയുടെ മിസൈൽ പ്രകടനം.
കൊറിയൻ പെനിൻസുലയിൽ വർഷങ്ങളായി ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷം തുടരുകയാണ്. തങ്ങളുടെ ശത്രുക്കളായി കരുതുന്ന ദക്ഷിണ കൊറിയയെയും ജപ്പാനെയും അമേരിക്കയെയും അലോസരപ്പെടുത്താൻ ഉത്തരകൊറിയ നിരന്തരം മിസൈൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടെങ്കിൽ ആക്രമിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.