ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെടുത്തിയ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻതാരവും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. 3-1 നാണ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓൾറൗണ്ട് പ്രകടനവുമായാണ് ഓസ്ട്രേലിയ ട്രോഫി തിരികെപിടിച്ചത്. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുമ്രയല്ലാതെ എടുത്തുപറയാവുന്ന രീതിയിൽ ആരും മികച്ച പ്രകടം കാഴ്ചവച്ചില്ല. ഇതിന് പിന്നാലെയാണ് ഗാംഗുലിയും ടീമിനെ വിമർശിച്ചത്. ഇന്ത്യയുടെ ബാറ്റിംഗ് മോശമായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി.
“ടെസ്റ്റിൽ നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ വിജയിക്കാനാകില്ല. 170,180 റൺസ് നേടിയിട്ട് ജയിക്കണമെന്ന് പറഞ്ഞാൽ നടക്കില്ല. ഒരിക്കലും അത്രയും റൺസിന് ടെസ്റ്റ് മത്സരം ജയിക്കാനാകില്ല. നിങ്ങൾ 300-350 റൺസ് നേടണം. ആരെയും കുറ്റപ്പെടുത്താനാവില്ല, എല്ലാവരും സ്കോർ ചെയ്യണം”—- ഗാംഗുലി പറഞ്ഞു. ഇന്ത്യൻ നായകൻ രോഹിത് ശർമ 31 റൺസാണ് ടൂർണമെന്റിലാകെ നേടിയത്. ഇതിൽ നിന്ന് തന്നെ ബാറ്റിംഗ് നിരയുടെ പ്രകടനം കാണാവുന്നതാണ്.