ന്യൂഡൽഹി: ബില്ലേശ്വർ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാഭാരത യുഗത്തിലെ ശിവലിംഗം തകർത്തനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
അവധേഷ് കുർമി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ ഏറെക്കാലമായി വിഷാദരോഗത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ ദീർഘകാലമായുള്ള അസുഖവും തന്റെ മാനസിക സംഘർഷങ്ങളും മൂലമുള്ള നിരാശയിലാണ് ശിവലിംഗം തകർത്തതെന്ന് പ്രതി മൊഴി നൽകിയെന്ന് എഎസ്പി അഖിലേഷ് സിംഗ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രദേശത്തിലെ മറ്റൊരു ക്ഷേത്രത്തിലെ ശിവലിംഗവും ഇത്തരത്തിൽ നശിപ്പിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി. ചരിത്രപ്രസിദ്ധമായ ബില്ലേശ്വർ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗം നശിപ്പിക്കപ്പെട്ടതിൽ ഭക്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി ഹിന്ദു ജാഗരൺ മഞ്ചിലെ അജയ് ത്രിവേദി പറഞ്ഞു. ക്ഷേത്രം നിലനിൽക്കുന്ന സ്ഥലം ഹസ്തിനപുരിയിലേക്കുള്ള യാത്രാമധ്യേ ഭഗവൻ കൃഷ്ണനും അർജുനനും വിശ്രമിച്ചിരുന്ന ഇടമാണെന്നും കൃഷ്ണൻ ഇവിടെ ശിവലിംഗം സ്ഥാപിച്ചുവെന്നുമാണ് ഭക്തരുടെ വിശ്വാസം.