ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അജിത് അഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റി ജനുവരി 11ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. 12നാണ് സമയപരിധി അവസാനിക്കുന്നത്. പിടിഐ റിപ്പോർട്ട് പ്രകാരം ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും സ്ക്വാഡിൽ തുടരും. ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെതിരെയുള്ള പ്രകടനം തിരിച്ചടിയാകില്ല. അതേസമയം യശ്വസി ജയ്സ്വാളിന് സ്ക്വാഡിൽ ഉൾപ്പെടാൻ ഏറെ സാധ്യതയുണ്ട്.
ആദ്യ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിൽ ഇടംപിടിക്കും. ഇതോടെ കെ.എൽ രാഹുലിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കും.ബാക്കപ്പ് വിക്കറ്റ് കീപ്പറെ പരിഗണിച്ചാൽ മാത്രം രാഹുലിനെ ഉൾപ്പെടുത്തും. അതേസമയം ഗൗതം ഗംഭീറിന് താത്പ്പര്യം സഞ്ജു സാംസണെ ഉൾപ്പെടുത്താനാണ്. എന്നാൽ അന്തിമ തീരുമാനം സെലക്ഷൻ കമ്മിറ്റിയുടേതാണ്. അക്സർ പട്ടേലിന്റെ വരവോടെ രവീന്ദ്ര ജഡേജയുടെ സ്ഥാനവും നഷ്ടമാകും.

വൈറ്റ് ബോൾ ക്രിക്കറ്റിലെ പ്രകടനം അക്സറിന് കരുത്താകും. വാഷിംഗ്ടൺ സുന്ദറും സെലക്ഷൻ കമ്മിറ്റിയുടെ റഡാറിലാണ്. സർജറിക്ക് വിധേയനായ കുൽദീപ് യാദവിന്റെ ഫിറ്റ്നസ് നിർണായകമാകും. കുൽദീപ് ഇല്ലെങ്കിൽ രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി എന്നിവരിൽ ഒരാൾക്ക് നറുക്ക് വീഴും. മുഹമ്മദ് ഷമിയുടെ സെലക്ഷൻ ഇപ്പോഴും എയറിലാണ്. താരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റിനോ സെലക്ഷൻ കമ്മിറ്റിക്കോ വ്യക്തതയില്ല. താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തി റിസ്ക് എടുക്കാൻ തയാറായേക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















