തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചതായി റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ദർശനം നേടുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം.
ബുധാഴ്ച രാവിലെ മുതൽ ഭക്തർ ഇവിടെ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഏകദേശം നാലായിരത്തോളം പേരാണ് വരി നിന്നിരുന്നത്. വൈകിട്ട് ടോക്കൻ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. മരിച്ചവരിൽ സ്ത്രീയും ഉൾപ്പെടുന്നുവെന്നാണ് വിവരം.
ക്യൂ നിന്നവർ ഉന്തിയും തള്ളിയവും മുൻപിലുള്ളവരെ മറിച്ചിടുകയായിരുന്നു. നിരവധി പേർ നിലത്തുവീഴുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തിരുപ്പതി ദേവസ്ഥാനം ബോർഡ് ചെയർമാൻ ബിആർ നായിഡു നിലവിൽ അടിയന്തര യോഗം ചേർന്നിരിക്കുകയാണ്. ഉടൻ തന്നെ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. അപ്രതീക്ഷിതമായ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർ എത്രയും വേഗം സ്ഥലത്തെത്തി രക്ഷാദൗത്യം ഏകോപിപ്പിക്കണമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ തിരുപ്പതിയിലെത്തും. പരിക്കേറ്റവരെ സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.