100 വർഷത്തിന് ശേഷം വാരണാസിയിലെ ശിവക്ഷേത്രം തുറന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശത്തെ സിദ്ധേശ്വർ മഹാദേവ് ക്ഷേത്രമാണ് ഭക്തർക്കായി തുറന്നു നൽകിയത്. പൊലീസിന്റെയും ഭരണകൂടത്തിന്റെയും സുരക്ഷയിലാണ് ക്ഷേത്രം തുറന്നത്. സനാതൻ രക്ഷക് ദളിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ക്ഷേത്രം തുറക്കാനും മതപരമായ ആചാരങ്ങൾക്കും അനുമതി നൽകിയത്.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ പൂട്ട് തുറന്നത്. കേടുപാടുകൾ സംഭവിച്ച മൂന്ന് ശിവലിംഗങ്ങളും മറ്റ് അവശിഷ്ടങ്ങളും ക്ഷേത്രത്തിനുള്ളിൽ നിന്നും കണ്ടെത്തി. 100 വർഷത്തിലേറെയായി ക്ഷേത്രം പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് കാശി ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് ബൻസ്വാൾ പറഞ്ഞു. രണ്ടടിയോളം മണ്ണ് കൂന കൂടി കിടക്കുകയാണ്. അതിപുരാതനമായ വസ്തുക്കൾ കണ്ടെത്താൻ സാധ്യതയുള്ളതിനാൽ അവശിഷ്ടങ്ങൾ ഏറെ ശ്രദ്ധയോടെയാണ് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാശി നിവാസികളുടെ ശ്രമങ്ങളാണ് ക്ഷേത്രം വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചതെന്ന് സനാതൻ രക്ഷക് ദൾ സംസ്ഥാന പ്രസിഡൻ്റ് അജയ് ശർമ പറഞ്ഞു. പ്രദേശത്ത് ക്രമസമാധനം ഉറപ്പാക്കുന്നതിനായി പൊലീസിന് പുറമേ പിഎസിയും നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രോൺ ഉൾപ്പടെയുള്ളവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രം പുനരുദ്ധാരണം നടത്താനൊരുങ്ങുകയാണ് ഭക്തർ.