കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നീ വമ്പന്‍ പദ്ധതികള്‍ക്ക് പിന്നാലെ കൊച്ചിയില്‍ 500 കോടി രൂപയുടെ നിക്ഷേപത്തില്‍ ആധുനിക ലോജിസ്റ്റിക്‌സ് പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ് .മുംബൈയിലെ സ്വകാര്യ കമ്പനിയായ ബ്‌ളൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് സൈബര്‍സിറ്റി പദ്ധതിക്കായി ഒരു പതിറ്റാണ്ട് മുമ്പ് എച്ച്. എം. ടിയില്‍ നിന്ന് വാങ്ങിയ സ്ഥലമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. പദ്ധതി മുടങ്ങിയതോടെ സ്ഥലം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.
കളമശേരിയില്‍ 70 ഏക്കറില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കില്‍ ഫ്ലിപ്പ്‍കാർട്ടും വാള്‍മാര്‍ട്ടും ഉള്‍പ്പെടെ വന്‍കിട ഇ-കൊമേഴ്‌സ് കമ്പനികള്‍ വെയര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് ഹബ്ബായി മാറാന്‍ കേരളത്തിന് അവസരമൊരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് അവകാശപ്പെട്ടു.
ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ പ്രാഥമികജോലികള്‍ ആരംഭിച്ചു. വന്‍കിട കമ്പനികള്‍ക്കായി വെയര്‍ ഹൗസുകള്‍ പാര്‍ക്കിലുണ്ടാകും.ഇ-കൊമേഴ്‌സ് ബിസിനസിലെ വമ്പന്മാരായ ഫ്ലിപ്പ്‍കാർട്ടാണ് ആദ്യം പ്രവര്‍ത്തനം ആരംഭിക്കുക എന്നാണ് വിവരം.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ടമായി 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 7,900 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് രണ്ടായിരം കോടി രൂപയും നിക്ഷേപിക്കും.