ലോസ് ഏഞ്ചൽസിനെ വിഴുങ്ങിയ കാട്ടുത്തീയിൽ ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. 70,000 ലേറെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 17,000 ഏക്കറിൽ അഗ്നിപടർന്നു. സാധാരണക്കാർ മുതൽ വീട് നഷ്ടമായവരിൽ ഹോളിവുഡിലെ സൂപ്പർ താരങ്ങളുമുണ്ട്. 60 മുതൽ 70 കോടികൾക്ക് വരെ പണിത ആഢംബര വസതികൾ ഒരു തരിമ്പ് പോലുമില്ലാതെ കത്തിച്ചാമ്പലായി. പാലിസേഡ്സിലാണ് ഹോളിവുഡ് താരങ്ങൾക്ക് ആഢംബര വസതികളുണ്ടായിരുന്നത്. ഇവിടെയാകെ തീപടർന്നിരുന്നു. അഭിനേതാക്കളും ഗായകരും ടെക്നീഷ്യന്മാരുമടക്കം ഭവനരഹിതരായി. അഭിനേതാക്കളായ യൂജിൻ ലെവി, ടോം ഹാങ്ക്സ്,ജെനിഫർ അനിസ്റ്റൺ, റീസെ വിതെർസ്പൂൺ, ആദം സാൻഡ്ലർ, ജെയിംസ് വുഡ്സ്, സ്റ്റീവ് ഗുണ്ടെൻബെർഗ്, ബ്രാഡ്ലി കൂപ്പർ. മൈക്കിൾ കീറ്റൺ എന്നിവരുടെ വസതികളാണ് കത്തിയെരിഞ്ഞത്.
രണ്ടുതവണ ഓസ്കർ നേടിയ ആൻ്റണി ഹോപ്കിൻസിന്റെയും ഗായികയും നടിയുമായ പാരിസ് ഹിൽട്ടണിന്റെയും വസതികളും തീ വിഴുങ്ങി. മലിബുവിലെ വീട് കത്തിയെരിയുന്നത് കുടുംബത്തോടൊപ്പം ടിവിയിൽ കാണേണ്ടിവന്നുവെന്ന് ഹിൽട്ടൺ പറഞ്ഞു. മൈൽസ് ടെല്ലറിനും പാലിസേഡ്സിലെ വീട് നഷ്ടമായി. ഹൃദയം തകർന്നൊരു ഇമോജി പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. താനും ഭാര്യയും താമസിച്ചിരുന്ന പസഫിക് പാലിസേഡ്സിലെ വീട് അഗ്നിക്കിരയായ കാര്യം ബില്ലി ക്രിസ്റ്റലും പ്രസ്താവനയിൽ പറഞ്ഞു.
നടൻ ആദം ബ്രോഡിയുടെയും ലെയ്റ്റൺ മീസ്റ്ററുടെയും 55 കോടി രൂപയുടെ വസതിയും ചാമ്പലായി. വീടിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് അന്ന ഫാരിസ് പറഞ്ഞു. ഗായിക മാൻഡി മൂറും വീട് കത്തിയെരിയുന്ന ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. നടിയും നിർമാതാവുമായ ജെയ്മി ലീയുടെ വസതിയും കത്തിയെരിഞ്ഞു.