അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വിമർശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഭക്തരുടെ മരണത്തിന് ഉത്തരവാദികളായവർ മറുപടി പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരുപ്പതി ദേവസ്വം ബോർഡുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ നടപടിക്രമങ്ങളെ കുറിച്ചും ആംബുലൻസ് സൗകര്യങ്ങളുടെ ലഭ്യതയെ കുറിച്ചും അദ്ദേഹം ദേവസ്വം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നും ഇതിന് കാരണക്കാരായവർ ഉത്തരം പറയേണ്ടിവരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
2,000 പേരെ മാത്രം പ്രവേശിപ്പിക്കേണ്ട സ്ഥലത്ത് എന്തിനാണ് 4,500 ഭക്തരെ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അപകടം നടക്കുന്ന സമയത്ത് ആംബുലൻസുകൾ എവിടെയാണ് കിടന്നിരുന്നത്, സമയം ക്രമീകരണം ഉണ്ടായിരുന്നോ, എത്ര ആംബുലൻസുകൾ സ്ഥലത്തുണ്ടായിരുന്നു എന്നതിനെ കുറിച്ചും മുഖ്യമന്ത്രി ചോദിച്ചു.
അപകടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ചന്ദ്രബാബു നായിഡു തിരുപ്പതിയിലെത്തിയിരുന്നു. ഡിജിപി, ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ, ജില്ലാ കളക്ടർ, എസ്പി എന്നിവരുമായി ഉന്നതതല അവലോകന യോഗം നടത്തി. തിക്കിലും തിരക്കിലുംപെട്ട് ആറ് പേരാണ് മരിച്ചത്. നിരവധി പേർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.