ന്യൂഡൽഹി: ജനുവരി 26 ന് ന്യൂഡൽഹിയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 10,000 പ്രത്യേക അതിഥികൾക്ക് ക്ഷണം. ദേശീയ പരിപാടികളിൽ പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും ന്യൂഡൽഹിയിലേക്ക് ക്ഷണിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രാമങ്ങളിൽ നിന്നുള്ള സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, സ്വയം സഹായ സംഘത്തിലെ (SHG) അംഗങ്ങൾ, കരകൗശല വിദഗ്ധർ, പുനരുപയോഗ ഊർജ പ്രവർത്തകർ, അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) പ്രവർത്തകർ, ആദിവാസി ഗുണഭോക്താക്കൾ എന്നിവരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.
കൂടാതെ, കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവർക്കും ക്ഷണമുണ്ട്. പാരാ അത്‌ലറ്റുകൾ, അന്താരാഷ്‌ട്ര കായിക ഇനങ്ങളിലെ വിജയികൾ, സ്റ്റാർട്ടപ്പുകൾ, പേറ്റൻ്റ് ഉടമകൾ, സ്കൂൾ മത്സര വിജയികൾ എന്നിവരും ആഘോഷങ്ങളിൽ പങ്കുചേരും. മുമ്പ് ഡൽഹി സന്ദർശിച്ചിട്ടില്ലാത്തവർക്കും സർക്കാർ മുൻകൈയെടുക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ മികവ് പുലർത്തിയവർക്കും മുൻഗണന നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിക്കും പിഎം കുസുമിനും കീഴിൽ പരിസ്ഥിതി സംരക്ഷണത്തെയും ഊർജത്തിന്റെ പുനരുപയോഗത്തെയും പ്രോത്സാഹിപ്പിച്ച കർഷകർക്കും കുടുംബങ്ങൾക്കും ഇത്തവണ റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കും. അതിഥികൾക്ക് പരേഡിന് സാക്ഷ്യം വഹിക്കാനുള്ള അവസരം മാത്രമല്ല, മുതിർന്ന മന്ത്രിമാരുമായി സംവദിക്കാനും ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയം, ഡൽഹിയിലെ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാനും കഴിയും.