ഷെയ്ൻ നിഗത്തെ നായകനാക്കി വാലി മോഹൻ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മദ്രാസ്കാരൻ. ഷെയ്ൻ ഹീറോ വേഷത്തിലെത്തുന്ന ആദ്യ തമിഴ് സിനിമ കൂടിയാണിത്. ജനുവരി ആറിന് റിലീസ് ചെയ്ത ചിത്രം കേരളത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മദ്രാസ്കാരനിലെ വയലൻസിനെക്കുറിച്ചും മാർക്കോ സിനിമയെക്കുറിച്ചും ഷെയ്ൻ നിഗം നടത്തിയ പരാമർശമാണ് ശ്രദ്ധേയമാകുന്നത്.
മദ്രാസ്കാരന്റെ ടീസറിനകത്ത് കാണിച്ച ബ്ലഡ് ഷെഡിനെക്കുറിച്ച് ചൂണ്ടിക്കാണിച്ച അവതാരക മാർക്കോ സിനിമയെക്കുറിച്ചുള്ള അഭിപ്രായം മദ്രാസ്കാരൻ ടീമിൽ നിന്ന് തേടിയിരുന്നു. എന്നാൽ മാർക്കോയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ താൻ കണ്ടിട്ടില്ലെന്ന മറുപടിയായിരുന്നു ഷെയ്ൻ നിഗം നൽകിയത്.
“മാർക്കോ കാണാൻ കഴിഞ്ഞില്ല, ഞാൻ ഷൂട്ടിലായിരുന്നു.” – ഷെയ്ൻ പറഞ്ഞു.
“മാർക്കോയെക്കുറിച്ചുള്ള റിവ്യൂസ് കേട്ടപ്പോൾ ഉണ്ണി ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നോ?” – അവതാരക
“വിളിച്ച് സംസാരിക്കാനുള്ള പരിചയമോ അടുപ്പമോ ഇല്ല. പടം കണ്ടിരുന്നുവെങ്കിൽ വിളിക്കാമായിരുന്നു. പടവും കണ്ടിട്ടില്ല.” – ഷെയ്ൻ നിഗം പറഞ്ഞു.
മാർക്കോയിലെ പോലെ വയലൻസുണ്ടോയെന്ന ചോദ്യത്തിന് മദ്രാസ്കാരൻ ടീം മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. ഈ സിനിമയിൽ വയലൻസുണ്ട്, എന്നാൽ ഫോഴ്സ്ഫുൾ വയലൻസ് അല്ലെന്നും ടീം പ്രതികരിച്ചു
മദ്രാസ്കാരൻ സിനിമയുടെ പ്രചരണാർത്ഥം നൽകിയ മറ്റ് ഇന്റർവ്യൂവകളിലും ഉണ്ണി മുകുന്ദനെക്കുറിച്ചും മാർക്കോയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഷെയ്ന് നേരെ ഉയർന്നിരുന്നു. കോയമ്പത്തൂരിൽ ഷൂട്ട് നടക്കുന്നതിന്റെ തിരക്കിലായതിനാൽ മാർക്കോ കാണാൻ കഴിഞ്ഞില്ലെന്നും സിനിമ കാണാതെ ഉണ്ണി ചേട്ടനെ വിളിക്കുന്നത് നല്ലതല്ലല്ലോയെന്നുമായിരുന്നു ഷെയ്ൻ പറഞ്ഞത്.
ലിറ്റിൽ ഹാർട്സ് എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ച് ഷെയ്ൻ നിഗം നടത്തിയ മോശം പരാമർശം വലിയ വിവാദമാവുകയും പിന്നീട് ഉണ്ണിയോട് ഷെയ്ൻ മാപ്പ് പറയുകയും ചെയ്യേണ്ടി വന്ന പശ്ചാത്തലത്തിലാണ് മാർക്കോയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഷെയ്ന് നേരെ ഉയർന്നത്.