t20ഗുവാഹത്തി: വനിത അണ്ടർ 23 ട്വൻ്റി 20യിൽ മേഘാലയക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. 104 റൺസിനാണ് കേരളം മേഘാലയയെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ 52 റൺസിന് ഓൾ ഔട്ടായി
തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ അഭിമുഖീകരിച്ച കേരളത്തെ അനന്യ കെ പ്രദീപും വൈഷ്ണ എം പിയും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. അനന്യ 35 പന്തുകളിൽ നിന്ന് 49 റൺസെടുത്തു. അനന്യക്ക് ശേഷമെത്തിയ ക്യാപ്റ്റൻ നജ്ല സി എം സിയും അതിവേഗം സ്കോർ ഉയർത്തി. നജ്ല 13 പന്തിൽ 30 റൺസുമായും വൈഷ്ണ 49 പന്തിൽ 50 റൺസുമായും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ ബാറ്റിങ് നിരയിൽ ആർക്കും പിടിച്ചു നിൽക്കാനായില്ല. ആകെ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 20 ഓവറിൽ 52 റൺസിന് മേഘാലയ ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്‌ത്തിയ അലീന എം പിയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ഐശ്വര്യ എകെ മൂന്നും അജന്യ ടിപി രണ്ടും വിക്കറ്റുകൾ വീതം വീഴ്‌ത്തി.