തിരുവനന്തപുരം: പി.കെ ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എം സുജയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച പികെ ഫിറോസ് തുർക്കിക്ക് പോയതോടെയായിരുന്നു നടപടി.
പികെ ഫിറോസ് വിദേശത്തേക്ക് പോയതിന് പിന്നാലെ പൊലീസ് കോടതിയെ കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് ഫിറോസ് തുർക്കിയിലാണുള്ളതെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിയമസഭയിലേക്ക് മാർച്ച് നടത്തിയതിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസാണ് നടപടിക്ക് ആധാരം.