മുഖക്കുരു മാറുന്നതിനായി പൊടിക്കൈകൾ പരീക്ഷിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. സോഷ്യൽമീഡിയ ഇടങ്ങളിലും മാഗസീനുകളിലുമൊക്കെ മുഖക്കുരു മാറ്റാനുള്ള വഴികൾ അന്വേഷിച്ച് കണ്ടെത്തുകയും അത് പരീക്ഷിക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ, എങ്ങനെയാണ് മുഖക്കുരു ഉണ്ടാവുന്നത്, മുഖക്കുരു വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ഇവയെ കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല.
ഭക്ഷണം ശ്രദ്ധിച്ചുകഴിഞ്ഞാൽ മുഖക്കുരു വരാനുള്ള സാധ്യതകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പൊതുവെ മുഖക്കുരുകൾ വരുന്നൊരു ശരീരപ്രകൃതമാണെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ മീനുകൾ അതായത് ചാള, മത്തി, നത്തോലി, ചെമ്മീൻ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും. പാൽ, പാലുത്പന്നങ്ങൾ, ഇറച്ചി, നട്സ് എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചിലർക്ക് കപ്പലണ്ടി, നട്സ് എന്നിവ കഴിക്കുമ്പോൾ മുഖക്കുരു ഉണ്ടാകാറുണ്ട്. അങ്ങനെയുള്ളവർ അവ പൂർണമായും ഒഴിവാക്കണം.
മുഖക്കുരു വന്നാൽ ചിലർക്ക് അത് പഴുത്ത് പൊട്ടുന്ന ഒരു സാഹചര്യമുണ്ട്. അങ്ങനെയുള്ളവർ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. വിറ്റാമിൻ സി അടങ്ങിയ ഇലക്കറികൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കഴിക്കണം. ഇത് മുഖക്കുരു വരാനുള്ള സാധ്യത ഇല്ലാതാക്കും. അതുപോലെ കാരറ്റ്, തക്കാളി എന്നിവയും ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.