മുംബൈ: കരിയറിൽ കൂടുതൽ സമയവും പരിക്ക് വേട്ടയാടിയ ക്രക്കറ്റ് താരം മുഹമ്മദ് ഷമി വീണ്ടും ദേശീയ ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്ക്വാഡിലാണ് ഷമി ഇടംപിടിച്ചത്. അഹമ്മദാബാദിൽ നടന്ന 2023 ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ദേശീയ ടീമിന് വേണ്ടി ഇറങ്ങുന്നത്.
ചികിത്സയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഷമി കളിച്ചിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്തുവെന്ന ഉറപ്പിച്ച ശേഷമാണ് ദേശീയ ടീമിലേക്കുള്ള വിളി എത്തിയത്.
ഓസ്ട്രേലിയയിൽ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ടീമിൽ താരം ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കേറ്റ കാലിൽ സ്വെല്ലിംഗ് ഉണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു. സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു ടീമിലെത്തിയതോടെ ഋഷഭ് പന്തിന് പുറത്തിരിക്കേണ്ടി വന്നു. ധ്രുവ് ജുറൽ ആണ് രണ്ടാം കീപ്പർ. അക്സർ പട്ടേൽ ആണ് ഉപനായകൻ.
ഓസ്ട്രേലിയൻ പര്യടനത്തിൽ ഒരു സെഞ്ചുറിയടക്കം നേടിയ നിതീഷ് കുമാർ റെഡ്ഡിയും സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. രമൺദീപ് സിംഗിന് പകരമാണ് നിതീഷ് കുമാർ റെഡ്ഡി ഇടംപിടിച്ചത്. ഓൾ റൗണ്ടർ ശിവം ദുബെയും സ്ക്വാഡിൽ ഇടംപിടിച്ചില്ല. അഭിഷേക് ശർമ്മയ്ക്ക് പകരം യശസ്വി ജയ്സ്വാൾ ആണ് ടോപ്പ് ഓർഡറിൽ ഇടംപിടിച്ചത്.
ജനുവരി 22 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സ്ക്വാഡ്; സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, ധ്രുവ് ജുറൽ, റിങ്കു സിംഗ്, ഹർഷിത് റാണ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി