തിരുവനന്തപുരം; വിവേകാനന്ദ ജയന്തിയുടെ ഭാഗമായി കവടിയാറിലെ സ്വാമി വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വെല്ലുവിളികളെ അവസരങ്ങളായും ആശയങ്ങളെ പ്രവർത്തനങ്ങളായും പരിവർത്തിപ്പിച്ച് സ്വാമിജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന യുവതലമുറയായി നമുക്ക് ഉയരാമെന്ന് അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനമായി ആഘോഷിക്കുമ്പോൾ വിവേകാനന്ദ ദർശനം കേവലം വാക്കുകളിലല്ല പ്രവർത്തനമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനിൽ യുവാക്കൾക്കുള്ള അതിരുകളില്ലാത്ത ആത്മവിശ്വാസം വ്യക്തമാണ്. എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നത് വരെ നിൽക്കരുത് എന്ന സ്വാമിജിയുടെ വാക്കുകൾ മഹത്വം കൈവരിക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്ക് ഒരു മന്ത്രമായി മാറിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ചുറ്റും നോക്കുമ്പോൾ മറ്റൊരു നരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദൻ പകർന്ന സ്വപ്‌നങ്ങൾക്ക് രൂപം കൊടുക്കുകയാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നുവെങ്കിൽ അതിശയിക്കാൻ ഒന്നുമില്ല. കേന്ദ്രസർക്കാർ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ സ്വാമിജിയുടെ ആദർശം പ്രതിഫലിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം മനുഷ്യന്റെ കഴിവുകളുടെ പൂർണതയാണ്. അത് സമഗ്രവും ഉൾക്കൊള്ളുന്നതും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമായ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാകണം. ഇന്ത്യൻ മൂല്യങ്ങളിൽ വേരൂന്നുന്നതിനൊപ്പം ആഗോള വെല്ലുവിളികൾ നേരിടുന്നതിനും നമ്മുടെ യുവാക്കളെ അത് സജ്ജമാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ന് കേരളം അഭിമുഖീകരിക്കുന്നത് പുതിയ വെല്ലുവിളികളാണ്. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങൾ, മാനസീക ആരോഗ്യ പ്രതിസന്ധികൾ തുടങ്ങിയവ സ്വാമിജിയുടെ ഐതിഹാസിക വാക്കുകളിൽ ഉദാഹരിക്കുന്ന സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സാർവ്വത്രിക മൂല്യങ്ങളിലേക്കുള്ള അടിയന്തര ശ്രദ്ധയും തിരിച്ചുവരവുമാണ് സൂചിപ്പിക്കുന്നത്.
2047 ഓടെ പൂർണ വികസിത രാഷ്‌ട്രമായി മാറുകയെന്ന രാജ്യത്തിന്റെ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള താക്കോൽ ഈ യുവ ഇന്ത്യയിലാണെന്ന് എല്ലാവരും വിശ്വസിക്കുന്നു. സാദ്ധ്യതകളെ നേട്ടങ്ങളാക്കി മാറ്റുകയായിരുന്നു സ്വാമി വിവേകാനന്ദനെന്നും അത് തന്നെയാണ് ഇനിയും ചെയ്യാനുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.