കാലിഫോർണിയ: ന്യൂഇയർ ആരംഭിച്ചതുമുതൽ കൂട്ടക്കുരുതിയുടെയും ഭീകരാക്രമണങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും വാർത്തകളാണ് അമേരിക്കയിൽ നിന്നുവരുന്നത്. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിൽ ആളിപ്പടർന്ന കാട്ടുതീ ദക്ഷിണ കാലിഫോർണിയ പൂർണമായും വിഴുങ്ങിക്കഴിഞ്ഞു. സാന്ത അന എന്ന് വിശേഷിപ്പിക്കുന്ന ശക്തമായ വരണ്ട കാറ്റാണ് ലോസ് ഏഞ്ചൽസിൽ വിനാശകരമായ കാട്ടുതീ ആളിക്കത്തിച്ചത്. ഇതിനോടകം 24 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേരെ കാണാനില്ലെന്നാണ് വിവരം. കാട്ടുതീ റിപ്പോർട്ട് ചെയ്ത് ഏഴാംദിനത്തിലേക്ക് കടക്കുമ്പോൾ 12,000 വീടുകൾ ചാമ്പലായെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയുള്ള കാറ്റും പർവതപ്രദേശങ്ങളിൽ 113 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് യുഎസ് നാഷണൽ വെതർ സർവീസിന്റെ റെഡ് ഫ്ലാഗ് മുന്നറിയിപ്പ്. നിലവിൽ സാന്ത അനയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും ചൊവ്വാഴ്ചയോടെ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ തീയണക്കാനുള്ള ശ്രമങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകും. കഴിഞ്ഞ എട്ട് മാസമായി മഴ ലഭിച്ചിട്ടില്ലാത്ത മേഖലകളിലാണ് നിലവിൽ കാട്ടുതീ പടരുന്നത്.
ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുമുള്ള സംഘങ്ങളും തീയണയ്‌ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമാണിതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പ്രതികരിച്ചു. ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ നിന്ന് ഒന്നരലക്ഷമാളുകളാണ് പലായനം ചെയ്തത്. ഒമ്പത് ഷെൽട്ടറുകളിലായി 700-ലധികം അഭയാർത്ഥികളുണ്ട്. 150 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് കാട്ടുതീ കാരണമുണ്ടയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച രാവിലെ വരെ, ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ പകുതിയിലധികം പേർക്കും കാലിഫോർണിയയിലെ 70,000 ഉപഭോക്താക്കൾക്കും വൈദ്യുതി ഇല്ലായിരുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായ അവസ്ഥയിലാണ്.