2025 ലെ പ്രയാഗ് രാജ് മഹാകുംഭ മേളയുടെ ഷാഹി സ്നാനത്തിന്റെ ആദ്യ ദിനം ജനുവരി 14 ആണ്. അന്ന് മകര സംക്രാന്തി ദിനവും കൂടിയാണ്. പാലാഴികടഞ്ഞു അമൃത് എടുത്ത പൗരാണിക സംഭവവുമായി ബന്ധപ്പെട്ടാണ് കുംഭമേളകൾ നടക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം.
മറ്റൊരു വിശ്വാസം ഇങ്ങിനെയാണ്.
ദേവരാജാവായ ഇന്ദ്രന്റെ മകൻ ജയന്തൻ , പാലാഴി മഥന സമയത്ത് ലഭിച്ച അമൃത് അസുരന്മാർക്ക് ലഭിക്കാതിരിക്കാൻ ഓടിയോളിച്ച് വസിച്ചത് ഹരിദ്വാർ,നാസിക്ക്, പ്രായാഗ് രാജ്, ഉജ്ജൈൻ എന്നീ നാല് സ്ഥലങ്ങളിലാണ്.12 ദേവ ദിവസങ്ങൾ,അതായത് പന്ത്രണ്ട് മനുഷ്യ വർഷങ്ങൾ ജയന്തൻ അമൃതുമായി ഓടി. ഓരോ സ്ഥലത്തും കുംഭത്തിൽ നിന്ന് ചില അമൃത് തുള്ളികൾ ഭൂമിയിലേക്ക് പതിക്കുകയുണ്ടായി. പാലാഴി കടഞ്ഞെടുത്ത ആ അമൃത് വീണ ഈ നാല് പുണ്യസ്ഥലങ്ങളിലാണ് കുംഭ മേള നടക്കുന്നത്. അമൃത് വീണ നദികളിൽ സ്നാനം ചെയ്യുക എന്നതാണ് കുംഭ മേളയുടെ ഏറ്റവും പ്രധാന ചടങ്ങ്. ഈ മേള ആരംഭിക്കുന്നത് പൗഷ പൂർണിമ നാളിലാണ്,.
ഈ മരുത് വീണ ഇടങ്ങളിൽ ജ്യോതിഷപരമായ ചില പ്രത്യേക യോഗങ്ങൾ ഒത്തു ചേരുമ്പോൾ അമൃതിന്റെ സാന്നിധ്യമുണ്ടാകും. ആ ദിവസങ്ങളാണ് ഷാഹി സ്നാനത്തിന് വിശേഷമായി പറയുന്നത്.
മഹാ കുംഭമേളയുടെ ഏറ്റവും പ്രാധാന്യമുള്ള ആചരണം “ഷാഹി സ്നാൻ” തന്നെയാണ്. മഹത്തുക്കളും സന്യാസിമാരും ഭക്തരും നദിയിലെ പുണ്യജലത്തിൽ മുങ്ങി നിവരുന്നതാണ് ഈ ക്രിയ. ഭൂതകാല പാപങ്ങളിൽ നിന്ന് ഒരാളുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും മോക്ഷത്തിലേക്കോ ജനനമരണ ചക്രത്തിൽ നിന്നുള്ള മോചനത്തിലേക്കോ വഴിയൊരുക്കുമെന്നും വിശ്വസിക്കപ്പെടുന്നതിനാൽ ഷാഹി സ്നാനത്തിന് വിശ്വാസപരമായി വളരെയധികം പ്രാധാന്യമുണ്ട്.
ഷാഹി സ്നാന ദിവസങ്ങളിൽ വിവിധ അഖാരകളിൽ നിന്നുള്ള സന്യാസിമാർ ശരീരം നിറയെ ഭസ്മം പുരട്ടി, രുദ്രാക്ഷമണികൾ ധരിച്ച്, ത്രിശൂലങ്ങൾ വഹിച്ചു കൊണ്ടു സ്നാനഘട്ടങ്ങളിലേക്കു നടത്തുന്ന രാജകീയ ഘോഷയാത്ര ഗാംഭീര്യവും തീക്ഷ്ണതയും നിറഞ്ഞ ഒരു കാഴ്ചയാണ്. മന്ത്രോച്ചാരണങ്ങളാൽ മുഖരിതമാകുന്ന ആ നിമിഷങ്ങൾ പകരുന്നത് ഒരു അപൂർവ്വ അനുഭൂതി തന്നെയാണ്.
വിവിധ അഖാരകളിലെ നാഗ സാധുക്കൾ പുണ്യനദിയിൽ പുണ്യസ്നാനം ചെയ്യുന്നതോടെയാണ് ഷാഹി സ്നാൻ ആചാരം ആരംഭിക്കുന്നത്. ഈ നാഗ സാധുക്കൾ ലൗകിക ജീവിതമെല്ലാം ത്യജിച്ച് ഹിമാലയത്തിൽ വസിക്കുന്ന സന്യാസികളാണ്. ഓരോ അഖാരയ്ക്കും കുളിക്കുന്നതിന് ഒരു പ്രത്യേക സമയം അനുവദിച്ചിരിക്കുന്നു. സ്നാനസ്ഥലത്തേക്കുള്ള ഘോഷയാത്ര അതിഗംഭീര സംഭവമാണ്.
ജ്യോതിഷപരമായ ഗ്രഹയോഗങ്ങൾ അനുസരിച്ചാണ് ഷാഹി സ്നാനിന്റെ സമയം നിർണ്ണയിക്കുന്നത്. ഓരോ തീയതിയും ജ്യോതിഷപരമായി പ്രാധാന്യമുള്ളതായിരിക്കും. ഏറ്റവും പ്രധാന ഷാഹി സ്നാൻ ദിവസം മൗനി അമാവാസിയാണ് .ഇത് ഇക്കൊല്ലം ജനുവരി 29 ആണ് മറ്റ് പ്രധാന സ്നാന തീയതികളിൽ ബസന്ത് പഞ്ചമി, മാഘ പൂർണിമ, മഹാ ശിവരാത്രി എന്നിവ ഉൾപ്പെടുന്നു.
ഈ വർഷത്തെ കുംഭമേളയിലെ പ്രധാന ദിവസങ്ങൾ ഇവയാണ്:
2025 ജനുവരി 13-ന് പൗഷ പൂർണിമ (ഉത്സവം ആരംഭിക്കുന്ന തീയതി)
2025 ജനുവരി 14-ന് മകരസംക്രാന്തി, ആദ്യ ഷാഹി സ്നാനം
2025 ജനുവരി 29ന് മൗനി അമാവാസി, രണ്ടാം ഷാഹി സ്നാനം
2025 ഫെബ്രുവരി 3-ന് ബസന്ത് പഞ്ചമി , മൂന്നാം ഷാഹി സ്നാനം
2025 ഫെബ്രുവരി 12-ന് മാഗി പൂർണിമ സ്നാനം
2025 ഫെബ്രുവരി 26-ന് മഹാ ശിവരാത്രി സ്നാനം. (ഉത്സവം അവസാനിക്കുന്ന തീയതി)
ഹിമാലയ ഗുഹാ ഗഹ്വരങ്ങളിലെങ്ങോ വസിക്കുന്ന നാഗസന്യാസിമാരും അഘാേരികളും കൂട്ടമായി എത്തുന്നതും ഈ സമയത്താണ്. ജനലക്ഷങ്ങൾ ഇരമ്പിയാർത്തെത്തുമ്പോളും ഈ മഹാത്മക്കൾക്കായി അവർ ഒഴിഞ്ഞു കൊടുക്കും.
അഖാരകൾക്കും സംന്യാസി പരമ്പരകൾക്കുമാണ് മഹാ കുംഭമേളയുടെ ചുമതല. ഏഴ് സന്യാസി അഖാരകളും,മൂന്ന് വൈരാഗി അഖാരകളും, മൂന്ന് ഉദാസി അഖാരകളും അടങ്ങുന്ന പതിമൂന്ന് അഘാഡകളുടെ മേധാവിമാരായ മഹാ മണ്ഠലേശ്വരന്മാരുടെ നേതൃത്വത്തിൽ ഈ ചുമതല നിർവഹിക്കപ്പെടുന്നു.
പൗഷ പൂർണ്ണിമയിലെ പുണ്യ സ്നാനം ഏറ്റവും പുരാതന അഘാഡയായ ജൂന അഘാഡയിലെ സംന്യാസിമാരാണ് ആദ്യം നിർവഹിക്കുക. തുടർന്ന് ഓരോ ദിവസവും ഓരോ അഖാരകളുടെ നേതൃത്വത്തിൽ പുണ്യസ്നാന ചടങ്ങുകൾ. ഇതിനായി പ്രയാഗ്രാജിൽ പതിനഞ്ച് കിലോമീറ്റർ നീളത്തിൽ നിരവധി സ്നാന ഘാട്ടുകൾ തയാറാക്കിയിട്ടുണ്ട്.
തയ്യാറാക്കിയത്
യോഗാചാര്യ സജീവ് പഞ്ച കൈലാസി
പതഞ്ജലി യോഗ ട്രെയിനിംഗ് & റിസർച്ച് സെൻ്റർ (പെെതൃക് – PYTRC) സംസ്ഥാന ഡപ്യൂട്ടി ഡയറക്ടർ
Phone: 9961609128
9447484819