ന്യൂഡൽഹി: കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വനവാസികളുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. വനത്തിൽ താമസിക്കുന്നവരെ അനധികൃതമായി കുടിയൊഴിപ്പിക്കുന്ന നടപടികളിൽ നിന്ന് സംരക്ഷിക്കുന്ന നിയമവ്യവസ്ഥകൾ അടിവരയിട്ട് ഓർമ്മിപ്പിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ നിർദേശം. വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗോത്രവകുപ്പ് അധികൃതരുമാണ് ഇക്കാര്യത്തിൽ മറുപടി നൽകേണ്ടതെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം അറിയിച്ചു. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരാതികൾ പരിഹരിക്കുന്നതിനും ഒരു സംവിധാനം രൂപീകരിക്കണമെന്നും ഗോത്രകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന മേഖലകളിൽ താമസിക്കുന്ന നൂറുകണക്കിന് ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ഗോത്രവർഗക്കാരാണ് സർക്കാരിന് പരാതി സമർപ്പിച്ചിരിക്കുന്നത്. പരമ്പരാഗതമായി അവർ താമസിച്ചുവരുന്ന വനമേഖലകളിൽ നിന്ന് കുടിയൊഴിപ്പിക്കാൻ നിർബന്ധിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും നിയമപ്രകാരമുള്ള അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
മദ്ധ്യപ്രദേശിലെ ദുർഗാവതി ടൈഗർ റിസർവിൽ താമസിക്കുന്ന 52 ഗ്രാമസഭകളുടെ പ്രതിനിധികൾ കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ പരിഹാരം കാണാൻ നിർദേശിച്ച് സംസ്ഥാന ഗോത്രവികസന വകുപ്പിന് കേന്ദ്രം കത്തെഴുതി. സമാനമായി തടോബ ടൈഗർ റിസർവിലുള്ള രന്ദലോധി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഇതിന് പിന്നാലെയാണ് കടുവാ സങ്കേതകളിൽ താമസിക്കുന്ന ഗ്രാമങ്ങളുടെ എണ്ണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ഇത്തരം ഗ്രാമങ്ങളിലുള്ള ഗോത്രവർഗക്കാരും വനവാസി സമൂഹങ്ങളും ഇതുവരെ സ്വീകരിച്ച, നിരസിച്ച അവരുടെ അവകാശങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്.
വനവാസി സമൂഹങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ അനധികൃത കുടിയൊഴിപ്പിക്കലുകളിൽ നിന്ന് ഗോത്രസമൂഹത്തെ സംരക്ഷിക്കും. അവരുടെ അറിവോടെയും പങ്കാളിത്തത്തോടെയും മാത്രമേ കുടിയൊഴിപ്പിക്കൽ, പുനരധിവാസം, തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാൻ പാടുള്ളൂവെന്നും ഗോത്രകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വനവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി വനാവകാശ നിയമം – Forest Rights Act (FRA), വന്യജീവികളെ സംരക്ഷിക്കുന്നതിന്നായി വന്യജീവി സംരക്ഷ നീയമം – Wildlife Protection Act എന്നിവ നിലവിലുണ്ട്. ഈ രണ്ട് നിയമങ്ങൾക്ക് കീഴിലാണ് ഗോത്രവർഗങ്ങളുടെയും വനവാസി സമൂഹങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.