രാജ്യത്തിന്റെ ആദ്ധ്യാത്മിക തേജസ്സിനെ ജ്വലിപ്പിച്ചു കൊണ്ട് പൗഷ പൂർണിമാ ദിനത്തിൽ ഉത്തര്പ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേള കൊടിയേറി. ഇനിയങ്ങോട്ട് മഹാശിവരാത്രി വരെ ഏതാണ്ട് ഒന്നര മാസക്കാലം മധ്യഭാരതത്തിൽ ആധ്യാത്മിക മഹോത്സവമാണ്. ഇക്കുറി കുംഭമേളയ്ക്ക് നിരവധി ആശംസാ ഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അവയിലേറെയും ഹിന്ദി ഭാഷയിലാണ്.
ഛോട്ടു സിംഗ് രാവണ (ChotuSingh Rawna- छोटू सिंह रावणा)എന്ന രാജസ്ഥാനി ഗായകൻ പാടിയ “യേ മഹാകുംഭ് ഫിർ ബുലാ രഹാ” എന്ന ഗാനം സൈബർ ലോകത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. കുംഭമേളയുടെ ആത്മാവിനെ സ്പർശിച്ചു കൊണ്ട്, ആത്മീയ മൂല്യങ്ങൾ ഒട്ടും ചോരാതെ ആവേശം പകരുന്ന ആ ഗാനം യു ട്യൂബിൽ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ഭാരതം ഏറ്റുവാങ്ങിക്കഴിഞ്ഞു. റിലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തോളം പേരാണ് യു ട്യൂബിൽ ഈ ഗാനം കണ്ടത്. അദ്ദേഹത്തിന്റെ സ്വന്തം യു ട്യൂബ് ചാനൽ അല്ലാതെ നിരവധി ഹിന്ദി ചാനലുകൾ ഈ ഗാനം എടുത്ത് റീ മിക്സ് ചെയ്ത ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണക്കു കൂടി കൂട്ടിയാൽ ഈ ഗാനം ആസ്വദിച്ചവരുടെ എണ്ണം ഇരട്ടിയിലധികമാകും എന്നുറപ്പ്.
“യേ മഹാകുംഭ് ഫിർ ബുലാ രഹാ” ഇവിടെ ആസ്വദിക്കാം
1996 ഒക്ടോബർ 4 ന് ബാർമർ ജില്ലയിലെ കൊത്ര എന്ന ചെറിയ ഗ്രാമത്തിൽ ഒരു രജപുത്ര കുടുംബത്തിൽ ജനിച്ച ഛോട്ടു സിങ് ഉത്തരേന്ത്യയിൽ കത്തിക്കയറുന്ന ഗായകനാണ്. നിരവധി രാജസ്ഥാനി ഭജനകളും ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഛോട്ടു സിംഗിന് രാവണയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിൽകോടിക്കണക്കിന് ആളുകളാണ് ആരാധകരായുള്ളത്. യു ട്യൂബിൽ അദ്ദേഹം റിലീസ് ചെയ്ത ഗാനങ്ങൾ ഓരോന്നും കോടിക്കണക്കിനു ആളുകളാണ് കണ്ടതും കേട്ടതും.
അതിൽ തീൻ ബാൺ കേ ധാരി’ എന്ന ഗാനം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെ ജനപ്രിയമാണ്. ഏതാണ്ട് ഏഴര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം 8 .7 കോടി ആളുകൾ കണ്ടു കഴിഞ്ഞു.
ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന കുംഭ മേളാ ഗാനവും ശതകോടികൾ പിന്നിടും എന്നുറപ്പായിക്കഴിഞ്ഞു.