മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ രഞ്ജി സ്ക്വാഡിനൊപ്പം പരിശീലനത്തിന് ഇറങ്ങി രോഹിത് ശർമ്മ. 2024-25 സീസണിലെ രണ്ടാംഘട്ട രഞ്ജി മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ് രോഹിത്തും സ്ക്വാഡിനൊപ്പം ചേർന്നത്.
ജനുവരി 23 മുതൽ ജമ്മു കശ്മീരിനെതിരെയാണ് മുംബൈ ഹോം മത്സരത്തിനായി ഇറങ്ങുന്നത്. രണ്ട് മണിക്കൂർ പരിശീലനത്തിലാണ് സഹ ടീമംഗങ്ങൾക്കൊപ്പം രോഹിത്ത് പങ്കുചേർന്നത്. നീല കാറിൽ സ്റ്റേഡിയത്തിന് പുറത്തെത്തി പരിശീലന കിറ്റുമായി സ്റ്റേഡിയത്തിനുള്ളിലേക്ക് പോകുന്ന രോഹിത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുംബൈയുടെ മുഖ്യ പരിശീലകൻ ഓംകാർ സാൽവിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.
ഓസ്ട്രേലിയയിലെ ബോർഡർ ഗവാസ്കർ ട്രോഫിയിലുൾപ്പെടെ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ സീനിയർ ടീമിനെതിരെ വലിയ വിമർശനങ്ങൾ മുൻ താരങ്ങൾ ഉൾപ്പെടെ ഉയർത്തുന്നതിനിടെയാണ് രോഹിത് മുംബൈ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുത്തത്. ടീമിനൊപ്പം പരിശീലനം നടത്താൻ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോർഡർ ഗവാസ്കർ പരമ്പരയിൽ അഞ്ച് ഇന്നിംഗ്സുകളിലായി 31 റൺസ് മാത്രമായിരുന്നു രോഹിത്തിന്റെ സംഭാവന.
ജമ്മു കശ്മീരിനെതിരായ മത്സരത്തിന് അന്തിമ സ്ക്വാഡിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രോഹിത് അന്തിമ ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ഗ്രൂപ്പ് എയിൽ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്.
ദേശീയ ടീമിൽ ഇടവേളകൾ ലഭിക്കുമ്പോൾ രഞ്ജി മത്സരങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകൾക്ക് പ്രാധാന്യം നൽകണമെന്നും പങ്കെടുക്കണമെന്നും ബിസിസിഐ സീനിയർ കളിക്കാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ദേശീയ ടീമിൽ നിന്ന് ഇടവേളയെടുക്കുന്നവർ ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് ഫിറ്റ്നസും ഫോമും തെളിയിച്ചെങ്കിൽ മാത്രമേ തിരിച്ചുവരവിന് അവസരം നൽകൂവെന്നും നേരത്തെ ജയ് ഷാ നിലപാട് സ്വീകരിച്ചിരുന്നു.
പരിക്കിന്റെ പിടിയിലായിരുന്ന മുഹമ്മദ് ഷമി ഉൾപ്പെടെ ഇത്തരത്തിൽ ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചിട്ടാണ് വീണ്ടും ദേശീയ ടീമിലേക്ക് ഇപ്പോൾ മടങ്ങിയെത്തിയത്. ദേശീയ താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകളെ അവഗണിക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് ബിസിസിഐ ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചത്.