ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ (12.8 ബില്യൺ ഡോളർ) ഐഫോണുകളാണ് ആപ്പിൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ ഇത് 9 ബില്യൺ ഡോളറായിരുന്നു.
ആഭ്യന്ത ഉത്പാദനത്തിൽ 46 ശതമാനം വർദ്ധനയും കഴിഞ്ഞ രേഖപ്പെടുത്തി. 2024-ൽ 17.5 ബില്യൺ ഡോളർ അഥവാ 1.48 ലക്ഷം കോടി രൂപയുടെ ഐഫോണാണ് ഇന്ത്യയിൽ നിർമിച്ചത്. നാല് വർഷത്തിനിടെ ആപ്പിൾ ഇന്ത്യയിൽ 1.75 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഇതിൽ 72 ശതമാനത്തോളം അവസരവും ലഭിച്ചത് വനിതകൾക്കാണ്. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്വകാര്യമേഖലയിലെ തൊഴിൽദാതാവാണ് ആപ്പിൾ. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (PLI), റീട്ടെയിൽ മേഖലയുടെ വിപുലീകരണം എന്നിവയാണ് ആപ്പിളിന് നേട്ടമായത്.
12.8 ബില്യൺ ഡോളറിന്റെ കയറ്റുമതിയിൽ 54 ശതമാനം ഫോക്സ്‌കോണിനും 29 ശതമാനം ടാറ്റ ഇലക്ട്രോണിക്സിനും 17 ശതമാനം പെഗാട്രോണിൻ്റേതുമാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മൂല്യം മൂന്ന് ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ആഗോളതലത്തിൽ ഐഫോൺ ഉത്പാദന മേഖലയിൽ ഇന്ത്യയുടെ വിഹിതം 14 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർത്തും. നിലവിൽ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.