വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേ അച്ഛൻ മകളെ വെടിവെച്ച് കൊന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നടക്കുന്ന സംഭവം. 20 കാരിയായ തനു ഗുർജാറാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. പിതാവ് മഹേഷ് ഗുജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 9 മണിയോടെ നഗരത്തിലെ ഗോലകാ മന്ദിർ ഏരിയയിലാണ് കൊലപാതകം നടന്നത്. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുകാർ വിവാഹം നടത്തുന്നുവെന്ന് ആരോപിച്ച് 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തനു സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. തന്നെ ദിവസവും വീട്ടുകാർ മർദിക്കാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എന്തെങ്കിലും സംഭവിച്ചാൽ കുടുംബമാണ് ഉത്തരവാദികളെന്നും പെൺകുട്ടി വീഡിയോയിൽ ആരോപിച്ചിരുന്നു. തനിക്ക് വിക്കിയെ വിവാഹം കഴിക്കണമെന്നും തങ്ങൾ ആറ് വർഷമായി ഇവർ പ്രണയത്തിലാണെന്നും തനു പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ സൂപ്രണ്ട് ധർമ്മവീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തനുവിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി പൗര പ്രമുഖരും വീട്ടിലെത്തി. കുടുംബത്തോടൊപ്പം ഇനി താമസിക്കില്ലെന്നും സർക്കാർ നടത്തുന്ന അഭയകേന്ദ്രത്തിൽ താമസിപ്പിക്കണമെന്നും തനു ആവശ്യപ്പെട്ടു. ഇതിനിടെ മകളോട് തനിച്ച് അൽപ്പ നേരം സംസാരിക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. പിന്നാലെ മകളെ അകത്തേക്ക് വിളിച്ച കൊണ്ടുപോയി നാടൻ തോക്ക് കൊണ്ട് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു
ജനുവരി 18ന് തനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. തനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.