മുംബൈ സുരക്ഷിതമല്ലെന്ന കേജരിവാളിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ മോഷ്ടാവ് കടന്നുകയറി ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആരോപണം. എന്നാൽ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് മുംബൈയെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭീതിത നഗരമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
തീർത്തും നിർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ അതിന്റേതായ ഗൗരവത്തോടെ കൈകാര്യം ചെയ്യുകയും വേണം. എന്താണുണ്ടായത് എന്നതുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും പൊലീസ് നൽകിക്കഴിഞ്ഞു. എന്തുതരം ആക്രമണമാണ്, ആക്രമണോദ്ദേശ്യം എന്തായിരുന്നു, എന്നെല്ലാം പൊതുജനങ്ങളെ പൊലീസ് അറിയിച്ചു. മുംബൈയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. എന്നാൽ ഇതിന്റെ പേരിൽ മുംബൈ സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയിലെ മെഗാസിറ്റികളിൽ ഏറ്റവും സുരക്ഷിതത്വമുള്ള നഗരം കൂടിയാണ് മുംബൈയെന്നും കേജരിവാളിനോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി പറഞ്ഞു.
സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മഹായുതി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി മുൻ മുഖ്യമന്ത്രി രംഗത്തെത്തിയത്. സൽമാൻ ഖാനും, ബാബാ സിദ്ദിഖിയും ആക്രമിക്കപ്പെട്ടു, പ്രമുഖർക്ക് സുരക്ഷ നൽകാൻ കഴിയാത്ത സർക്കാർ സാധാരണക്കാരെ എങ്ങനെ സംരക്ഷിക്കുമെന്നും കേജരിവാൾ ചോദിച്ചിരുന്നു. സെലിബ്രിറ്റികൾ സുരക്ഷിതരല്ലെങ്കിൽ മുംബൈയിൽ മറ്റാർക്കാണ് സുരക്ഷ ലഭിക്കുകയെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും ചോദിച്ചു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. വീട്ടിൽ കയറിയ കള്ളനെ പ്രതിരോധിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടന് രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.