വിവാദങ്ങൾക്കും സൈബറാക്രമണങ്ങൾക്കുമിടെ പുതിയ ഉദ്ഘാടനത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ഹണി റോസ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഉദ്ഘാടനത്തെ കുറിച്ച് ഹണി റോസ് പറയുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ അധിക്ഷേപ പരാമർശങ്ങളാണ് കമന്റ് ബോക്സിൽ വരുന്നത്. സോഷ്യൽമീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനിരിക്കെയാണ് വീണ്ടും സൈബറാക്രമണങ്ങൾ തുടരുന്നത്.
പാലക്കാട് ജില്ലയിലെ ഒലവക്കോടുള്ള ഇലക്ട്രോണിക്സ് ഫർണിച്ചർ ഷോറൂമിന്റെ ഉദ്ഘാടനത്തെ കുറിച്ചാണ് ഹണി റോസ് പറയുന്നത്. പോസ്റ്റിന് പിന്നാലെ താരത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് കമന്റുകൾ. അധിക്ഷേപ പരാമർശം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന താരത്തിന്റെ നിലപാടിനെ വിമർശിക്കുകയാണ് ആളുകൾ. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ ദ്വയാർത്ഥപ്രയോഗ കേസുമായി ബന്ധപ്പെട്ടാണ് പലരും കമന്റിടുന്നത്. ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവക്കുന്നത്.
ഹണി റോസിനെ അധിക്ഷേപിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരിൽ ഹണി റോസ് സൈബറാക്രമണങ്ങൾ നേരിട്ടിരുന്നു. കേസിന് ശേഷവും തുടർച്ചയായി സൈബറാക്രമണങ്ങൾ നേരിടുകയാണ് താരം.