ന്യൂഡൽഹി: ഓസീസ് പര്യടനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അച്ചടക്കം കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പര്യടനങ്ങളിൽ കളിക്കാർക്കൊപ്പം ഭാര്യമാരെയും കുടുംബാംഗങ്ങളെയും അധിക ദിവസം അനുവദിക്കില്ലെന്നതായിരുന്നു ബിസിസിഐയുടെ പ്രധാന തീരുമാനം. എന്നാലിപ്പോൾ ബോർഡ് നടപ്പിലാക്കാനൊരുങ്ങുന്ന കൂടുതൽ നിയന്ത്രണങ്ങളാണ് പുറത്തുവരുന്നത്.
പരിശീലന സമയത്തും മത്സരങ്ങൾക്കിടയിലും പ്രത്യേക വാഹനങ്ങളിൽ യാത്രചെയ്യുന്നതിൽ നിന്നും കളിക്കാരെ വിലക്കുക, ആഭ്യന്തര ടൂർണമെന്റുകൾ കളിക്കാൻ തയാറാകാത്ത താരങ്ങളുടെ മാച്ച് ഫീ തടഞ്ഞുവയ്‌ക്കുക തുടങ്ങിയ നിർദേശങ്ങളും അടുത്തിടെ നടന്ന ബിസിസിഐയുടെ യോഗത്തിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ പേഴ്‌സണൽ സ്റ്റാഫ്, സുരക്ഷാ ഗാർഡുകൾ, ഹെയർ ഡ്രെസർമാർ,സ്റ്റൈലിസ്റ്റ്, കുക്ക് എന്നിവരെയും താരങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കില്ല. ടീമിനുള്ളിൽ കൂടുതൽ പ്രൊഫഷണലിസവും ഒത്തൊരുമയും കൊണ്ടുവരികയാണ് കർശന നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ താരങ്ങൾ ടീമിനൊപ്പമുള്ളതിനേക്കാൾ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നുവെന്നും ഇതവരുടെ പ്രകടനങ്ങളെ മോശമായി ബാധിക്കുന്നുണ്ടെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. അതിനാൽ ഇനി മുതൽ വിദേശപര്യടനങ്ങളിൽ രണ്ട് ആഴ്ചയ്‌ക്കപ്പുറം ഭാര്യമാരെയും കാമുകിമാരെയും കളിക്കാർക്കൊപ്പം യാത്രചെയ്യാൻ അനുവദിക്കേണ്ടതില്ലെന്ന ബോർഡിന്റെ തീരുമാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.