കേരളത്തിനായി വിജയ് ഹസാരെയിൽ കളിക്കേണ്ടെന്ന സഞ്ജു സാംസണിന്റെ തീരുമാനത്തിന് വലിയ വില നൽകേണ്ടിവരുമെന്നാണ് സൂചന. താരത്തെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ടീമിൽ സജീവമല്ലാത്ത താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകൾ കളിക്കണമെന്ന് ബിസിസിഐ നേരത്തെ കർശന നിർദേശം നൽകിയിരുന്നു. അതിനാൽ വിജയ് ഹസാരെയിൽ കളിക്കാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തിൽ സെലക്ഷൻ കമ്മിറ്റി അതൃപ്തരാണ്.
ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടർമാരും ബോർഡും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആഭ്യന്തര മത്സരങ്ങൾ കളിക്കാതിരുന്ന ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടെയും കരാറുകൾ ബോർഡ് റദ്ദാക്കിയിരുന്നു. സഞ്ജുവിന്റെ കാര്യത്തിലും ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
മത്സരത്തിന് മുന്നോടിയായുള്ള ക്യാമ്പിൽ സഞ്ജു പങ്കെടുക്കാത്തതിനെത്തുടർന്ന് കെസിഎ വിജയ് ഹസാരെയ്‌ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു കുടുംബത്തോടൊപ്പം ദുബായിൽ സമയം ചെലവഴിക്കുകയാണെന്നാണ് വാർത്തകൾ. ചാമ്പ്യൻസ് ട്രോഫി ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിനൊപ്പം ധ്രുവ് ധ്രുവ് ജുറേലിന്റെയും ഋഷഭ് പന്തിന്റെയും പേരുകൾ പരിഗണനയിലുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിലെ താരത്തിന്റെ അഭാവം മറ്റ് രണ്ടുപേർക്കും മുൻഗണന ലഭിക്കാൻ കാരണമായേക്കും.















