ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ബാരാമുള്ള ജില്ലയിലെ സലൂറ, സോപോർ മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. 2025 ൽ റിപ്പോർട്ട് ചെയ്യുന്ന ജമ്മു കശ്മീരിലെ ആദ്യത്തെ ഏറ്റുമുട്ടലാണിത്.
തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസം സോപോറിലെ സലൂറ ഏരിയയിലെ ഗുജർപട്ടിൽ പൊലീസും സിആർപിഎഫും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിനിടെ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്തു. ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തിക്കുകയായിരുന്നു. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു.
സംഭവത്തിനുശേഷം പ്രദേശത്ത് ഇന്ന് പുലർച്ചെ വീണ്ടും വെടിവയ്പ്പ് ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ നീക്കം നിരീക്ഷിക്കാൻ സുരക്ഷാ സേന ഡ്രോണുകൾ വ്യോമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഭീകരരെ കണ്ടെത്താൻ കൂടുതൽ സേനയെ സ്ഥലത്ത് വിന്യസിച്ചു.















