വാഷിംഗ്ടൺ ഡിസി; യുഎസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് ചുമതലയേൽക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി എത്തിയ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സെന്റ്. ജോൺസ് ചർച്ചിലെ പ്രാർത്ഥനയിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായിട്ടാണ് സെന്റ്. ജോൺസ് ചർച്ചിൽ പ്രാർത്ഥന നടക്കുന്നത്.
പ്രാർത്ഥനയിൽ പങ്കെടുത്ത നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്ന ചിത്രങ്ങൾ എസ് ജയ്ശങ്കർ എക്‌സിൽ പങ്കുവെച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ചും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായും ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.
പ്രാദേശിക സമയം രാവിലെ 8.43 ഓടെയാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും സെന്റ് ജോൺസ് ചർച്ചിൽ പ്രാർത്ഥനയ്‌ക്കായി എത്തിയത്. വൈറ്റ് ഹൗസിന് സമീപമുള്ള ബ്ലെയർ ഹൗസ് ഗസ്റ്റ് ഹൗസിൽ നിന്നാണ് ഇരുവരും പള്ളിയിലേക്ക് എത്തിയത്.
ജപ്പാൻ വിദേശകാര്യമന്ത്രി തകേഷി ഇവായയുമായി ഇന്നലെ എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും കഴിഞ്ഞ നവംബറിന് ശേഷം ഇത് രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. നവംബർ 26 ന് ഇറ്റലിയിൽ നടന്ന ജി 7 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് ഇതിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.















