പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
“ഇങ്ങോട്ട് കയറി ചൊറിഞ്ഞപ്പോൾ അങ്ങോട്ട് കയറി മാന്തിക്കൊടുത്തു” എന്ന് വിശേഷിപ്പിക്കാവുന്ന തെരുവുനായ്‌ക്കളാണ് ദൃശ്യങ്ങളിലെ താരം. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവമുണ്ടായത്. തിരുപ്പതി പുരം കോളനിയിലെ താമസക്കാരനായ പ്രഹ്ളാദ് സിംഗ് ഘോഷിയും കുടുംബവും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. വീട്ടിൽ നിന്നിറങ്ങി വെറും 500 മീറ്റർ കഴിഞ്ഞപ്പോൾ അവർ സഞ്ചരിച്ച കാർ ഒരു തെരുവുനായയെ ഇടിച്ചു. പരിക്ക് പറ്റാതെ രക്ഷപ്പെട്ട നായ കുരച്ചുകൊണ്ട് കുറച്ചുദൂരം കാറിനെ പിന്തുടർന്നു. ശേഷം ഓടിമറയുകയും ചെയ്തു. അന്നേദിവസം അർദ്ധരാത്രിയാണ് ഘോഷിയും കുടുംബവും വീട്ടിൽ തിരിച്ചെത്തുന്നത്. റോഡരികിൽ കാർ പാർക്ക് ചെയ്ത് അവർ അകത്തേക്ക് പോയി. പിന്നീട് നടന്നതിനെല്ലാം സിസിടിവി മാത്രമായിരുന്നു സാക്ഷി.
തന്നെ ഇടിച്ച കാറാണിതെന്ന് മനസിലാക്കിയ നായ, വാഹനത്തിന്റെ പുറത്ത് നിറയെ സ്ക്രാച്ചുണ്ടാക്കി. എന്തിനും കൂടെനിൽക്കുന്ന ക്രൈം-പാർട്നർ എന്ന പോലെ മറ്റൊരു നായയും ഒപ്പമുണ്ടായിരുന്നു. കാറിന്റെ ബോണറ്റിലും ഡോറിന്റെ സൈഡിലുമൊക്കെ തലങ്ങും വിലങ്ങും മാന്തിവച്ച നായ വാഹനത്തിൽ നിറയെ സ്ക്രാച്ചുണ്ടാക്കി കടന്നുകളഞ്ഞു.
📍 Madhya Pradesh | #Watch: Dog’s Revenge In Madhya Pradesh After Being Hit By Car Owner
Read more: https://t.co/yuaRCwr2LQ#Viral #MadhyaPradesh pic.twitter.com/hycjT406eJ
— NDTV (@ndtv) January 21, 2025
ഈവിധം കാറിനെ ‘മനോഹരമാക്കിയ’ കാഴ്ച പിറ്റേന്ന് രാവിലെയാണ് ഘോഷിയും കുടുംബവും കണ്ടത്. ആരാണീ ക്രൂരത ചെയ്തതെന്ന് കണ്ടെത്താൻ വേഗം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഘോഷി ഞെട്ടിപ്പോയി. മനുഷ്യനല്ല, ഇതിന് മൃഗങ്ങളാണെന്ന് മനസിലാക്കി. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തലേദിവസം കാറിടിച്ച നായയാണ് ഈ വിരുതനെന്ന് ഘോഷി തിരിച്ചറിഞ്ഞത്. ഏതായാലും 15,000 രൂപ ചെലവിട്ട് സ്ക്രാച്ചുകൾ മായ്ച്ചുകളഞ്ഞ ഘോഷി, നായയുടെ പ്രതികാരബുദ്ധിക്ക് ഇരയായതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല.















