ന്യൂഡൽഹി: ഹൈദരാബാദിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി 45 കാരനായ ഭർത്താവ്. മകളെ കാണാനില്ലെന്ന ഭാര്യവീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ഗുരുമൂർത്തി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇയാളുടെ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്.
ജനുവരി 16 നാണ് 35 കാരിയായ മകൾ വെങ്കിട മാധവിയെ കാണാതായതായി വീട്ടുകാർ പരാതി നൽകിയത്. അന്വേഷണത്തിനിടെ ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നി ചോദ്യം ചെയ്യുമ്പോഴാണ് ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മൃതദേഹം ബാത്‌റൂമിൽ വച്ച് വെട്ടിനുറുക്കി പ്രഷർകുക്കറിൽ വേവിച്ചു. പിന്നീട് എല്ലുകൾ വേർപെടുത്തി. ഇത് അമ്മിക്കല്ലുകൊണ്ട് പൊടിച്ച് വീണ്ടും വേവിച്ചു. മൂന്ന് ദിവസത്തോളം നിരവധി തവണ മാംസവും എല്ലുകളും പാകം ചെയ്ത ശേഷം ഇത് പാക്ക് ചെയ്ത് മീർപേട്ട് തടാകത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ഗുരുമൂർത്തിയുടെ മൊഴി. എന്നാൽ കഴിഞ്ഞദിവസം നദിയിൽ പൊലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല.
ഹൈദരാബാദിലെ ജില്ലെലഗുഡയിലാണ് ഗുരുമൂർത്തിയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ദമ്പതികൾ തമ്മിൽ ഇടയ്‌ക്കിടെ വഴക്കിട്ടിരുന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യം നടന്ന ദിവസം ഇവരുടെ കുട്ടികളെ പ്രതി തന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഭാര്യ തന്നോട് വഴക്കിട്ട് വീടുവിട്ടുപോയെന്നാണ് കൊലപാതകശേഷം ഇയാൾ വെങ്കിട മാധവിയുടെ വീട്ടുകാരെ അറിയിച്ചത്.















