ജൽഗോവ് ട്രെയിൻ ദുരന്തത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഒരു ചായ കച്ചവടക്കാരനാണ് ട്രെയിനിൽ തീപിടിത്തപ്പെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് പുഷ്പക് എക്സ്പ്രസിലെ ദൃക്സാക്ഷി പറയുന്നു. ചെയിൻ വലിച്ചതും ആൾക്കാരോട് ട്രെയിനിൽ നിന്ന് ചാടാൻ ആക്രോശിച്ചതും അയാളായിരുന്നുവെന്ന് ദൃക്സാക്ഷി വ്യക്തമാക്കുന്നു. 13-പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്.
ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലായിരുന്നു അപകടം. തീപിടിത്തമെന്ന് പേടിച്ച് കോച്ചുകളിൽ നിന്ന് ചാടിയ യാത്രക്കാരെ മറ്റൊരു ട്രാക്കിലെത്തിയ കർണാടക എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു ചായ കച്ചവടക്കാരൻ ട്രെയിനിൽ തീപിടിത്തമെന്ന് കിംവദന്തി പരത്തി,പിന്നാലെ ചെയിൻ വലിച്ചു. ഇതോടെ ട്രെയിനിന്റെ വേഗം കുറഞ്ഞു.
ഭയത്തിൽ ജീവൻ രക്ഷിക്കാൻ യാത്രക്കാർ കോച്ചുകളിൽ നിന്ന് ചാടാൻ തുടങ്ങി — ദൃക്സാക്ഷി ബാബദീപ് പാസ്വാൻ പറഞ്ഞു. ചിലർ നേരിട്ട് ട്രാക്കുകളിലേക്ക് ചാടുകയായിരുന്നു ഇവരെയാണ് കർണാടക എക്സ്പ്രസ് ഇടിച്ചിട്ടത്. ട്രാക്കില്ലാതിരുന്ന വശത്തേക്ക് നിരവധിപേർ ചാടിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും ബാബദീപ് പാസ്വാൻ പറഞ്ഞു.