മാനന്തവാടി: വയനാട് കടുവയുടെ ആക്രമണത്തിൽ വനവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെ പ്രതിഷേധം. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശാശ്വതമായ നടപടി വേണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തിയത്. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം കൊല്ലപ്പെട്ട കുടുംബത്തിന് നൽകണമന്നും അവർ ആവശ്യപ്പെട്ടു.
വിവരം അറിഞ്ഞ് കടുവയുടെ ആക്രമണം നടന്ന പ്രിയദർശിനി എസ്റ്റേറ്റിലെ ഓഫീസ് കെട്ടിടത്തിനുള്ളിൽ എത്തിയപ്പോഴായിരുന്നു ഇതിന് പുറത്ത് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചത്. പോലീസിന് നേരെയും വനംവകുപ്പിന് നേരെയും നാട്ടുകാർ പ്രതിഷേധമുയർത്തി. വലിയ ജനരോഷമാണ് മന്ത്രിക്കെതിരെ ഉണ്ടായത്. കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ചു. ഇതോടെ പൊലീസ് ഗോ ബാക്ക് വിളികളും ഉയർന്നു.
കടുവയെ പിടിക്കണമെന്ന ജനങ്ങളുടെ വികാരം അംഗീകരിക്കുന്നുവെന്നും മയക്കുവെടി വെയ്‌ക്കണമെങ്കിൽ അങ്ങനെ ചെയ്യുമെന്നും ഒ.ആർ കേളു ജനങ്ങളെ അറിയിച്ചെങ്കിലും പിൻമാറാൻ അവർ തയ്യാറായില്ല. ഫെൻസിങ്ങിന് പദ്ധതി വെച്ചിട്ടുണ്ടെങ്കിലും അത് ചെയ്യുന്നില്ലെന്ന ജനങ്ങളുടെ പരാതിയിൽ വാസ്തവമുണ്ടെന്നും മന്ത്രി തുറന്നു സമ്മതിച്ചു. മന്ത്രി എന്ന നിലയിൽ കടുവയെ വെടിവെച്ചു കൊല്ലാൻ തനിക്ക് ഉത്തരവിടാനാകില്ലെന്ന് ഒ.ആർ കേളു പറഞ്ഞു. നാളെത്തന്നെ ഫെൻസിങ്ങ് ജോലി ആരംഭിക്കാനുള്ള നടപടികൾ എല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.
കുടുംബത്തിന് അർഹമായ എല്ലാ ധനസഹായവും ഇന്നു തന്നെ നൽകാനാകുമെങ്കിൽ അത് നൽകും. കുടുംബത്തിലെ ആളുകൾക്ക് താൽക്കാലിക ജോലി വേണമെങ്കിൽ അതും നൽകാൻ മന്ത്രിയെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഒ.ആർ കേളു ഉറപ്പു നൽകി. ഇക്കാര്യങ്ങൾ പരിഗണിച്ച് മൃതദേഹം വിട്ടുകൊടുക്കണമെന്ന് മന്ത്രി വീണ്ടും ജനങ്ങളോട് അഭ്യർത്ഥിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. നാളെ മുതൽ സ്വസ്ഥമായി ആളുകൾക്ക് ജോലിക്ക് പോകാമെന്ന് സർക്കാരിന് ഉറപ്പ് നൽകാനാകുമോയെന്ന് ആയിരുന്നു ഇവരുടെ മറുചോദ്യം.
കടുവയെ ഒരിടത്ത് നിന്ന് പിടിച്ച് വേറെ സ്ഥലത്ത് കൊണ്ടിട്ടിട്ട് കാര്യമില്ല. വനത്തിലും മലയിലും പണിയെടുക്കുന്നവരാണ് ഞങ്ങൾ. ആറ് മണിക്ക് പണിക്ക് ഇറങ്ങുന്നവരാണ്. ഞങ്ങളുടെ മക്കളെ പോറ്റേണ്ടവരാണ് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയുമെന്നും പ്രതിഷേധവുമായി എത്തിയ തോട്ടം തൊഴിലാളികളായ സ്ത്രീകൾ ചോദിച്ചു. ഓഫീസ് കെട്ടിടത്തിന് പുറത്ത് മുദ്രാവാക്യം വിളിച്ച് ഒറ്റക്കെട്ടായി പ്രതിഷേധം തുടരുകയാണ് നാട്ടുകാർ.
അതിനിടെ കോട്ടയത്ത് പ്രതികരിക്കവേയാണ് വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയത്. അതിന് കഴിഞ്ഞില്ലെങ്കിൽ നരഭോജി കടുവയായി കണക്കാക്കി വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡന് ആവശ്യമായ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
പഞ്ചാരക്കൊല്ലിയിലെ 47 കാരിയായ രാധയാണ് കാപ്പിത്തോട്ടത്തിൽ വെച്ച് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യമൃഗശല്യത്തെക്കുറിച്ച് ഒരാഴ്ച മുൻപും നാട്ടുകാർ വനംവകുപ്പിന് പരാതി നൽകിയിരുന്നു. വനത്തോട് ചേർന്ന മേഖലയിൽ അടിക്കാട് വെട്ടി തീയിട്ട് അതിര് തിരിക്കുന്ന നടപടികൾ സാധാരണ ചെയ്യാറുണ്ട്. മൃഗങ്ങൾക്ക് മനുഷ്യസഞ്ചാരമുള്ള വഴി മനസിലാകുന്നതിനും മനുഷ്യർക്ക് മൃഗങ്ങളെ പെട്ടന്ന് കാണുന്നതിനുമാണ് ഈ നടപടി. എന്നാൽ ഇത്തവണ ഇതും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.















