വാഷിംഗ്ടൺ ഡിസി: ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാൻ എലോൺ മസ്‌കിന്റെ സഹായം തേടി
യുഎസ് പ്രസിഡന്റെ് ഡോണൾഡ് ട്രംപ്. സ്പേസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രികരെ എത്രയും വേഗം തിരികെ എത്തിക്കാൻ ട്രംപ് ആവശ്യപ്പെട്ടതായി എക്സിൽ പങ്കുവെച്ച് കുറിപ്പിൽ മസ്ക് അവകാശപ്പെട്ടു. ബൈഡൻ ഭരണകൂടം ബഹിരാകാശ യാത്രികരോട് കാണിച്ചത് ക്രൂരതയാണെന്നും മസ്ക് പറഞ്ഞു.
മസ്കിന്റെ അവകാശവാദം സ്ഥിരീകരിച്ച് ട്രംപ് സ്ഥിരീകരിച്ചു. സ്പേസ് സ്റ്റേഷനിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന രണ്ട് അമേരിക്കൻ ബഹിരാകാശയാത്രികരെ തിരിച്ചയക്കാനുള്ള ദൗത്യം സ്‌പേസ് എക്‌സ് “ഉടൻ” ആരംഭിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ ദൗത്യം എന്ന് ആരംഭിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.
ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി, കഴിഞ്ഞ ജൂണിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. എട്ട് ദിവസത്തെ ദൗത്യമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. നിരവധി തവണ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നാസ നടത്തിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ ഇവരുടെ ആരോഗ്യനില സംബന്ധിച്ചും ആശങ്കയുണ്ടായി. ഇരുവരും മാർച്ചിൽ തിരിച്ചെത്തുമെന്നാണ് ഒടുവിൽ നാസ അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് ട്രംപിന്റെ ഇടപെടൽ















