ആകാശ ഭീഷണികളെ നിർവീര്യമാക്കും; ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; അഭിനന്ദിച്ച് പ്രതിരോധമന്ത്രി
ഭുവനേശ്വർ: ഇന്ത്യയുടെ ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ (VSHORADS) പരീക്ഷണം വിജയം. മിസൈൽ സംവിധാനം സൈനിക ശക്തിക്ക് വലിയ ഉത്തേജനമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം ഒസീഷാതീരത്തെ ചാന്ദിപ്പൂരിലായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത തദ്ദീശീയമായി രൂപകൽപന ചെയ്ത വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം.
ഒന്നോ അതിലധികമോ സൈനികർക്ക് കൊണ്ട് നടന്ന് ഉപയോഗിക്കാൻ സാധിക്കുന്ന മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സംവിധാനമാണ് VSHORADS. കരസേന, നാവികസേന, വ്യോമസേന എന്നീ സായുധ സേനയുടെ മൂന്ന് ശാഖകളുടെയും വ്യോമ പ്രതിരോധ ആവശ്യകതകൾ നിറവേറ്റുന്നതിന് പുതിയ മിസൈൽ സംവിധാനം സഹായിക്കും. വേഗത കൂടുതലും താഴന്ന ഉയരത്തിലും പറക്കുന്ന ഡ്രോണുകളെയും മറ്റ് ആകാശ ഭീഷണികളെയും തകർക്കാൻ ഇവയ്‌ക്കാകും.
ടെലിമെട്രി, ഇലക്‌ട്രോ-ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റംസ്, ചന്ദിപൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച റഡാർ എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ച ഡാറ്റ ആകാശ ഭീഷണികളെ നിർവീര്യമാക്കുന്നതിൽ VSHORADS-ന്റെ കൃത്യത സ്ഥിരീകരിക്കുന്നു. പരീക്ഷണനേട്ടം വലിയ വിജയമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിൽ പങ്കാളികളായ ഡിആർഡിഒ, സായുധ സേന, വ്യവസായ പങ്കാളികൾ എന്നിവരെ അഭിനന്ദിച്ചു.