ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബംഗ്ലാദേശ് പ്രീമിയർ ലീഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് പുറത്തുവന്നത്. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും എന്തിനേറെ ടീം ബസിന്റെ ഡ്രൈവർക്കും പോലും പണം നൽകാതെ പറ്റിച്ചതാണ് സംഭവം.
ദർബാർ രാജ്ഷാഹി എന്ന ടീമിന്റെ താരങ്ങൾക്കും സ്റ്റാഫുകൾക്കുമാണ് പണികിട്ടിയത്. ഫ്രാഞ്ചൈസി ഉടമ ഷഫീഖ് റഹ്മാൻ മുങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങി കിടക്കുകയാണ് ടീമിലെ അന്താരാഷ്ട താരങ്ങൾ. പാകിസ്താൻ താരം മൊഹമ്മദ് ഹാരിസ്, അഫ്താബ് അലം(അഫ്ഗാൻ), മാർക് ദെയാൽ(വിൻഡീസ്), റയാൻ ബർൽ (സിംബാബ്വെ),മിഗ്വൽ കമ്മിൻസ് (വിൻഡീസ്) എന്നിവരാണ് കരാറിലെ ശേഷിക്കുന്ന തുക ലഭിക്കാതെ ഹോട്ടലിൽ കുടുങ്ങിയത്. ടീം ഉടമയും മാനേജ്മെൻ്റ് സ്റ്റാഫും ഫോൺ എടുക്കാതെ മുങ്ങിയെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. ചിലർ പണം കിട്ടാതെ ഹോട്ടലുകൾ വിട്ടു.
അതേസമയം ടീം ബസിന്റെ ഡ്രൈവർ മൊഹമ്മദ് ബാദുൽ തനിക്ക് ലഭിക്കാനുള്ള പണം ലഭിക്കാതെ താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകൾ നൽകില്ലെന്ന് അറിയിച്ചു. ഇവ ബസിൽ വച്ച് ഇയാൾ പൂട്ടി. ഇത് നാണക്കേടാണെന്നും ഞാൻ നാളുകളായി ഇത് പറയാതിരിക്കുകയാണെന്നും അയാൾ തുറന്നടിച്ചു. 12 മത്സരങ്ങളിൽ നിന്ന് ആറു ജയം മാത്രമുള്ള ടീം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.