ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. നയിക്കാൻ അവരും സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് വ്യക്തമാക്കി. താരത്തിന് പകരം പുതിയൊരാൾ ക്യാപ്റ്റനാകും. സ്റ്റീവൻ സ്മിത്തോ ട്രാവിസ് ഹെഡ്ഡോ ആകും പുതിയ ക്യാപ്റ്റൻ.
“കമിൻസിന് ഒരുതരത്തിലും ബൗളിംഗ് വീണ്ടും ആരംഭിക്കാനുള്ള അവസ്ഥയിലല്ല. അതിനാൽ താരം ചാമ്പ്യൻസ് ട്രോഫിക്ക് ഉണ്ടാകില്ല. അതിനർത്ഥം ഞങ്ങൾക്ക് ഒരു പുതിയ ക്യാപ്റ്റനെ വേണം. സ്റ്റീവൻ സ്മിത്തിനെയോ ട്രാവിസ് ഹെഡ്ഡിനെയോ ആണ് പരിഗണിക്കുന്നത്. പാറ്റ് വീട്ടിലേക്ക് മടങ്ങും”—-മക്ഡോണാൾഡ് പറഞ്ഞു.
ശ്രീലങ്കയ്‌ക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും കമിൻസ് കളിച്ചിരുന്നില്ല. കണങ്കാലിനേറ്റ പരിക്കും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായിരുന്നു കാരണം. ശ്രീലങ്കയിൽ സ്റ്റീവൻ സ്മിത്തായിരുന്നു ഓസ്ട്രേലിയയെ നയിച്ചത്. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 242 റൺസിനും ഓസ്ട്രേലിയ ജയിച്ചിരുന്നു. അതേസമയം ജോഷ് ഹേസിൽവുഡിന്റെ കാര്യത്തിലും അന്തിമ തീരുമാനം എടുക്കണമെങ്കിൽ മെഡിക്കൽ റിപ്പോർട്ട് വരേണ്ടിവരുമെന്നും പരിശീലകൻ പറഞ്ഞു.