ഡൽഹിയി നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത് ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിലേറുമെന്ന് തന്നെയാണ്. 70 നിയോജക മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നത്. 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നാം വട്ടവും അധികാരത്തിലേറാൻ മനകോട്ട കെട്ടുന്ന ആപ്പിന് വമ്പൻ തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപിക്ക് 39 മുതൽ 49 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്. ആപ്പിന് 21-31 സീറ്റ് വരെയും കോൺഗ്രസിന് 0-1 സീറ്റുമാണ് പ്രവചിക്കപ്പെടുന്നത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 36 സീറ്റുകളാണ്. പോൾസ്റ്റർ പി-മാർക്ക് എക്സിറ്റ് പോളിന്റേതാണ് പ്രവചനം.
മാട്രിസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 35-40 സീറ്റുകൾ നേടുമ്പോൾ ആം ആദ്മി പാർട്ടി 32-37 സീറ്റുകൾ നേടും. പോൾ ഡയറി എക്‌സിറ്റ് പോൾ പ്രകാരം ബിജെപി 42-50 സീറ്റുകൾ, ആം ആദ്മി പാർട്ടി 18-25 സീറ്റുകൾ, കോൺഗ്രസ് 0-1 സീറ്റുകൾ എന്നിവ നേടുമെന്ന് പ്രവചിക്കുന്നു.ചാണക്യ സ്ട്രൈറ്റെജീസും ബിജെപിക്ക് 39-44 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. പീപ്പിൾ പൾസിന്റെ പ്രവചന പ്രകാരം 51-60 സീറ്റുകൾ വരെയാണ് രാജ്യം ഭരിക്കുന്ന പാർട്ടിക് ലഭിക്കുക. അതേസമയം, വീപ്രസൈഡിന്റെ എക്സിറ്റ് പോൾ പ്രവചിക്കുന്നത് ആം ആദ്മി സർക്കാർ തിരിച്ചുവരുമെന്നാണ്. വീപ്രസൈഡിന്റെ പ്രവചനം അനുസരിച്ച് ആം ആദ്മി പാർട്ടി 46-52 സീറ്റുകൾ നേടും, ബിജെപി 18-23 സീറ്റുകൾ നേടും.