കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 305 റൺസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിലാണ് 304 റൺസ് നേടിയത്. ജോ റൂട്ടും (69), ബെൻ ഡക്കറ്റും (65) നേടി അർദ്ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോർ സമ്മാനിച്ചത്. മറുവശത്ത് രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. 10 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 80 റൺസ് ചേർത്ത ഇംഗ്ലണ്ടിനെ പിന്നീട് ഇന്ത്യ വരുതിയിലാക്കുന്നതാണ് കണ്ടത്.
ഫിൽ സാൾട്ടിനെ (26)പുറത്താക്കി അരങ്ങേറ്റക്കാരൻ വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ഡക്കറ്റിനെ വീഴ്‌ത്തി ജഡേജ ഇന്ത്യക്ക് മേൽകൈ നൽകി. എന്നാൽ ക്രീസിൽ ഒന്നിച്ച ഹാരി ബ്രൂക്(31) റൂട്ട് സഖ്യം മൂന്നാം വിക്കറ്റിൽ 66 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ബ്രൂക് വീണതിന് പിന്നാലെയെത്തിയ ബട്ലർ(34)ക്കൊപ്പം 51 റൺസ് ചേർക്കാനും റൂട്ടിനായി.
അവസാന ഓവറുകളിൽ ചെറിയൊര് ആക്രമണം നടത്തിയ ലിയാം ലിവിംഗ്സ്റ്റണാണ് (41) ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. 5 പന്തിൽ 14 റൺസെടുത്ത ആദിൽ റഷീദ് റണ്ണൗട്ടായത് ഇന്ത്യക്ക് ആശ്വാസമായി. മുഹമ്മദ് ഷമി, ഹർഷിത് റാണ,ഹാർദിക് പാണ്ഡ്, വരുൺ ചക്രവർത്തി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.