വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. 30 പന്തിൽ 58-ാം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരം 32-ാം സെഞ്ചറി 76 പന്തിലാണ് നേടിയത്. ആദിൽ റഷീദിനെ സിക്സിന് പറത്തിയാണ് താരം സെഞ്ച്വറി പൂർത്തിയാക്കി ബാറ്റ് ഉയർത്തി ആഘോഷിച്ചത്. 7 സിക്സും പത്തു ഫോറും സഹിതമാണ് താരം സുവർണ നേട്ടത്തിലെത്തിയത്.
ഏറെ നാളുകളുടെ ഇടവേളയ്‌ക്ക് ശേഷമാണ് രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് താരം ആക്രമണ ശൈലിയിൽ അഴിഞ്ഞാടിയത്. സ്വതസിദ്ധ ശൈലിയിലേക്ക് വരാൻ രോഹിത് അല്പം സമയമെടുത്തെങ്കിലും താളം കണ്ടെത്തിയ പാടെ അടി തുടങ്ങുകയായിരുന്നു. 27 ഓവറിൽ 200/2 എന്ന നിലയിലാണ് ഇന്ത്യ. 52 പന്തിൽ 60 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെയും 8 പന്തിൽ 5 റൺസെടുത്ത കോലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഏകദിനത്തിൽ ഏറ്റവും അധികം സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരവുമായി രോഹിത് ശർമ. വിൻഡീസ് താരം ക്രിസ് ഗെയ്ലിനെ മറികടന്ന് 338 സിക്സുകളാണ് ഹിറ്റ്മാൻ നേടിയത്. ഗെയിൽ 331 സിക്സുകളാണ് പറത്തിയത്. ഒന്നാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദി 351 സിക്സുകൾ കരിയറിൽ അതിർത്തി വര കടത്തിയിട്ടുണ്ട്.