മുംബൈ: മഹാരാഷ്‌ട്രയിൽ ലൗജിഹാദ് ബിൽ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മിശ്രവിവാഹത്തിൽ യാതൊരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ട ഫഡ്നാവിസ്, മിശ്രവിവാഹത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വഞ്ചനയാണ് എതിർക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തട്ടിപ്പിലൂടെ വിവാഹം നടത്തുന്നതിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ലൗജിഹാദിനെതിരെയും എന്തെല്ലാം നിയമനടപടികൾ സ്വീകരിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ നിയോഗിച്ച സാഹചര്യത്തിൽ മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം.
പ്രണയിക്കുക, മതംമാറ്റുക, വിവാഹം കഴിക്കുക, കുട്ടികൾ ജനിച്ചാൽ ഉപേക്ഷിക്കുക – ഇത്തരത്തിൽ യുവതികളെ കബളിപ്പിച്ച് മതംമാറ്റി വിവാഹം കഴിക്കുന്ന ലൗ ജിഹാദിനെയാണ് എതിർക്കുന്നതെന്ന് ഫഡ്നാവിസ് വ്യക്തമാക്കി. ഇതൊരു യാഥാർത്ഥ്യമാണെന്നും മഹാരാഷ്‌ട്രയിലും ഇത് സംഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മിശ്രവിവാഹത്തിൽ യാതൊരു തെറ്റുമില്ല, പക്ഷെ, വ്യാജ പ്രൊഫൈലുണ്ടാക്കി അതുവഴി യുവതികളെ കബളിപ്പിച്ച് മതംമാറ്റി വിവാഹം കഴിക്കുന്നത് ഗൗരവതരമാണെന്നും പൂർണമായും ഇല്ലാതാകേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.