ഐപിൽ 2025 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 22 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വച്ചാണ് മത്സരം. മെയ് 23 ന് ക്വാളിഫയർ 2 ഉം മെയ് 25 ന് നടക്കുന്ന ഫൈനൽ മത്സരവും ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്.
2015 ന് ശേഷം ആദ്യമായാണ് ഈഡൻ ഗാർഡൻസ് ഐപിഎൽ ഫൈനലിന് വേദിയാകുന്നത്. 2013 ലാണ് ഇവിടെ ആദ്യമായി ഐപിഎൽ ഫൈനൽ നടന്നത്. മെയ് 20 ന് നടക്കുന്ന ക്വാളിഫയർ 1 ഉം മെയ് 21 ന് നിശ്ചയിച്ചിട്ടുള്ള എലിമിനേറ്ററുമാണ് മറ്റ് രണ്ട് പ്ലേഓഫ് മത്സരങ്ങൾ. ഇവ രണ്ടും ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇത് 2024 ലെ റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടാണ്.
65 ദിവസങ്ങളിലായി 74 മത്സരങ്ങളാണ് ഈ ഐപിഎൽ സീസണിൽ നടക്കുക. ഇതിൽ 12 ഡബിൾ-ഹെഡറുകളും (ഒരു ദിവസം രണ്ട് മത്സരങ്ങൾ) ഉൾപ്പെടുന്നു. ടൂർണമെന്റിന്റെ രണ്ടാം ദിവസം (മാർച്ച് 23) ഡബിൾ-ഹെഡറുകൾ നടക്കും. ഉച്ചകഴിഞ്ഞുള്ള മത്സരത്തിൽ സൺറൈസേഴ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇതിനുശേഷം നടക്കുന്ന ഐപിഎല്ലിലെ എൽ-ക്ലാസിക്കോ മത്സരത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും.
ഷെഡ്യൂളിൽ 13 വേദികളുണ്ട്. നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ് എന്നിവർ ഒരു ഗ്രൂപ്പിലാണ്. സൺറൈസേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ, ലഖ്നൗ എന്നിവരാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. ഓരോ ടീമും അവരുടെ ഗ്രൂപ്പിലെ മറ്റ് ടീമുകളെയും സീഡിംഗ് അനുസരിച്ച് നിർണ്ണയിക്കപ്പെടുന്ന മറ്റൊരു ഗ്രൂപ്പിലെ ഒരു ടീമിനെയും രണ്ടുതവണയും, എതിർ ഗ്രൂപ്പിലെ മറ്റ് നാല് ടീമുകളെ ഒരോ തവണയും നേരിടും. ഉദാഹരണത്തിന്, ചെന്നൈയും മുംബൈയും ഒരേ ഗ്രൂപ്പിന്റെ ഭാഗമല്ലെങ്കിലും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും.















