പാലക്കാട്: തൃത്താലയിൽ പള്ളിനേർച്ചയ്‌ക്കിടെ ഹമാസ് ഭീകരരുടെ ചിത്രങ്ങൾ ആനപ്പുറത്ത് എഴുന്നള്ളിച്ച സംഭവത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് വി. ടി ബൽറാം. തൃത്താലയിൽ നടന്നത് പള്ളിയുമായി ബന്ധപ്പെട്ട ആഘോഷമല്ല, ദേശോത്സവമാണെന്ന് മുൻ എംഎൽഎയുടെ വിശദീകരണം. ഫേസ്ബുക്കിലാണ് ബൽറാമിന്റെ ‘വൻ’ ന്യായീകരണ കുറിപ്പ്.
കേരളത്തിൽ ഹമാസ് ഭീകരരെ ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടു നടക്കുന്നുവെന്ന വസ്തുത വിഴുങ്ങി സംഭവം മറ്റൊരു രീതിയിലേക്ക് വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ബൽറാം നടത്തിയത്. ഭീകരർക്ക് താരപരിവേഷം നൽകിയ വാർത്ത നൽകിയതിന് ജനം ടി വിയെയും ബൽറാം കുറ്റപ്പെടുത്തി.
പിന്നാലെ ബൽറാമിന്റെ പൊള്ളത്തരം തുറന്നു കാട്ടി ബിജെപി പാലക്കാട് ഈസ്റ്റ് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്തെത്തി. ചർച്ച വഴിതിരിച്ചു വിടാനാണ് വി ടി ബൽറാം ശ്രമിക്കുന്നതെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. ബൽറാം പങ്കെടുത്ത പരിപാടിയിൽ ആനപ്പുറത്ത് ഹമാസ് തീവ്രവാദികളെ എഴുന്നള്ളിച്ചതിനെ കുറിച്ച് ചോദിക്കുമ്പോൾ മറ്റൊരു കാര്യം പറയുന്നത് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി.
” തൃത്താലയിൽ ഹമാസ് ഭീകരവാദികളുടെ ചിത്രം ആനപ്പുറത്ത് എഴുന്നള്ളിച്ച വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടീവിയേയും സംഘപരിവാറിനെയും കുറ്റം പറഞ്ഞ് ചർച്ച വഴി തിരിച്ചുവിടാൻ നോക്കുകയാണ് തൃത്താലയിലെ മുൻ എംഎൽഎ വിടി ബലറാം. ജനം ടിവിയോ സംഘപരിവാറോ അല്ല ആദ്യം ഉറൂസ് എന്ന് പറഞ്ഞത് ആ പ്രദേശത്തെ ജനങ്ങളും നിങ്ങളുടെ സ്വന്തം ചാനലായ മീഡിയാവണ്ണും തൃത്താല ഉറൂസ് തൃത്താല നേർച്ച എന്നെല്ലാം വിശേഷിപ്പിച്ചിട്ടുള്ള പോസ്റ്റുകളാണ് ഞാൻ ചുവടെ പങ്കുവെക്കുന്നത്.

പിന്നെ നേർച്ചയോട് ബന്ധപ്പെട്ടാണ് തൃത്താലയിൽ പരിപാടികൾ നടക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. പള്ളികമ്മറ്റികളിൽ ആചാരപരമായ വിലക്കുള്ളത്കൊണ്ട് ദേശോൽസവമായി ജനകീയ കമ്മിറ്റിയുണ്ടാക്കി പരിപാടികൾ സംഘടിപ്പിക്കുന്നു എന്നതാണ് വസ്തുത എന്നിരിക്കെ തൃത്താല ഫെസ്റ്റ് പ്രത്യേക ഉത്സവമാണ് എന്ന് താങ്കൾ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം മനസ്സിലാവും. പിന്നെ താങ്കൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ആനപ്പുറത്ത് ഹമാസ് തീവ്രവാദികളെ എഴുന്നള്ളിച്ചതിനെ കുറിച്ച് ചോദിക്കുമ്പോൾ മറ്റൊരു കാര്യം പറയുന്നത് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയുന്നതിന് തുല്യമാണെന്ന്” പ്രശാന്ത് ശിവൻ പറഞ്ഞു.















