റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി റിയാദിലെ ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കണമെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ വീടിനുള്ളില്‍ കഴിയണമെന്നും പ്രാദേശിക അധികൃതര്‍ ഔദ്യോഗികമായി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും എംബസി അറിയിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന അവകാശവാദത്തിന് പിന്നാലെയാണ് നിര്‍ദേശം. സംഭവവുമായി ബന്ധപ്പെട്ട വീഡിയോകളോ വാര്‍ത്തകളോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയോ വീണ്ടും പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എംബസി ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചു.
”നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണം. ആവശ്യമായ സാഹചര്യങ്ങളില്‍ വീടിനുള്ളില്‍ കഴിയുകയും പ്രാദേശിക അധികൃതര്‍ ഔദ്യോഗിക ചാനലുകളിലൂടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുകയും വേണം,” എംബസിയുടെ അറിയിപ്പില്‍ പറയുന്നു. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും വിഎഫ്എസ് മുഖേനയുള്ള സേവനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സാഹചര്യം അനുസരിച്ച് തുടര്‍ അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുമെന്നും എംബസി വ്യക്തമാക്കി. സൗദിയിലുള്ള ഇന്ത്യക്കാര്‍ക്ക് സഹായം തേടുന്നതിനായി പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പറും ലഭ്യമാണ്. ഹെല്‍പ്ലൈന്‍: 8002471234
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ നേരത്തേ അപലപിച്ചിരുന്നു. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നത് തികച്ചും അംഗീകരിക്കാനാകാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച ഇന്ത്യ, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. സൗദി അറേബ്യയിലെ ജനങ്ങളോടും സര്‍ക്കാരിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















