മുംബൈ: ഇന്ത്യയിൽ വിപണി തുറക്കാനൊരുങ്ങി ടെസ്ല. ഈ വർഷം ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ റീട്ടെയിൽ കച്ചവടം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ബെർളിനിലുള്ള ടെസ്ല പ്ലാന്റിലെ വസ്തുക്കൾ ഇതിനായി ഇരക്കുമതി ചെയ്യുമെന്നും വിവരമുണ്ട്. CNBC-TV18 ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
മുംബൈയിലെ വ്യവസായ ജില്ലയെന്നറിയപ്പെടുന്ന ബികെസിയിലും (ബാന്ദ്ര കുർള കോംപ്ലക്സ്) ഡൽഹിയിലെ എയ്റോസിറ്റിയിലുമാകും ഷോറൂം ലൊക്കേഷനുകൾ വരിക. ഇന്ത്യൻ വിപണിയിൽ ആദ്യമായി ടെസ്ല ഇറക്കുന്നത് 21 ലക്ഷം രൂപയിൽ താഴെയുള്ള ഇലക്ട്രിക് വാഹനങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ വിപണി ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് ടെസ്ല വാഹനങ്ങളുടെ ഉത്പാദനം സംബന്ധിച്ച് സൂചനകളില്ല.
ഡൽഹിയിലും മുംബൈയിലും 5,000 സ്ക്വയർഫീറ്റിലുള്ള ഷോറൂമുകളായിരിക്കും തുറക്കുക. രണ്ട് ഷോറൂമുകളിലേക്കുമായി വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെയും ടെസ്ല ക്ഷണിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹനവിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ കാർനിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ വിപണി തുറക്കാൻ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. ഷോറൂമുകൾ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ ലൊക്കേഷൻ തേടുകയും ചെയ്തിരുന്നു.
ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകൾ കാരണമായിരുന്നു ഇതിൽ കാലതാമസമുണ്ടായത്. എന്നാൽ വമ്പൻ കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ ഇപ്പോൾ കുറച്ചതിനാൽ ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് എളുപ്പമാവുകയായിരുന്നു.















