അഹമ്മദാബാദ്: കേരളത്തിന്റെയും ഗുജറാത്തിന്റെയും ആരാധകരെ ഒരുപോലെ മുൾമുനയിൽ നിർത്തിയ രഞ്ജി ട്രോഫി സെമിയിൽ ഫൈനലുറപ്പിച്ച് കേരളം. ചരിത്രത്തിലാദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. ഒന്നാമിന്നിഗ്‌സിൽ രണ്ട് റൺസിന്റെ നിർണായക ലീഡ് നേടിയാണ് കേരളം ചരിത്രം കുറിച്ചിരിക്കുന്നത്. ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. ഫൈനലിൽ മുംബൈ-വിദർഭ സെമി മത്സര വിജയികളെ നേരിടും. രണ്ടാം ദിനം മൂന്നു വിക്കറ്റുകൾ കയ്യിലിരിക്കെ ഗുജറാത്തിന് 28 റൺസ് മതിയെന്നിരിക്കെയാണ് നാടകീയമായ ക്ലൈമാക്സിൽ കേരളം വിജയം ഉറപ്പിച്ചത്.
അഞ്ചാം ദിനം തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്‌ത്തി കേരളം ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. 431റണ്‍സിന് ഏഴുവിക്കറ്റെന്ന നിലയിലാണ് ഗുജറാത്ത് ബാറ്റിംഗ് പുനരാരംഭിച്ചത്. ഓൾറൗണ്ടർ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിന്റെ വിജയശില്പികൾ. അഞ്ചാം ദിനം ശേഷിച്ച മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് ആദിത്യയാണ്. മുഹമ്മദ് അസറുദ്ദീന്റെ മിന്നൽ സ്റ്റാമ്പിങ്ങിലൂടെയാണ് ജയ്മീത് പട്ടേലിന്റെ (79) നിർണായകമായ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. പിന്നാലെ പൊരുതി നിന്ന സിദ്ധാര്‍ത്ഥ് ദേശായിയെ (30) വിക്കറ്റിന് മുന്നില്‍ കുടുക്കി സര്‍വാതെ വീണ്ടും ഗുജറാത്തിനെ ഞെട്ടിച്ചു.
അവസാന ബാറ്റര്‍മാരായ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വലയുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഫൈനലുറപ്പിക്കാൻ കേരളത്തിന് വേണ്ടത് ഒരു വിക്കറ്റും ഗുജറാത്തിന് വേണ്ടത് ആറ് റൺസുമെന്ന നിർണായക ഘട്ടത്തിലായിരുന്നു കളി. പിന്നീടങ്ങോട്ട് ഓരോ റൺസിനും കേരളവും ഗുജറാത്തും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. ഒടുവിൽ രണ്ട് റൺസകലെ ഗുജറാത്തിന്റെ അവസാന വിക്കറ്റും വീണു. ആർസൻ നാഗ്വസ്വല്ലയെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച് ആദിത്യ സർവാതെ കേരളത്തെ ഫൈനലിലെത്തിച്ചു. അതേസമയം രണ്ടാമിന്നിങ്സിൽ കേരളം ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.