കണ്ണൂർ: തലശേരിയിലെ മണോളികാവിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. പ്രതിയായ സിപിഎം പ്രവർത്തകനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കികൊണ്ടുപോയി. തടഞ്ഞ പൊലീസുകാരെ ക്ഷേത്രപരിസരത്ത് പൂട്ടിയിടുകയും ചെയ്തു. സംഭവത്തിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം മണോളികാവിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരിൽ ചിലരും നാട്ടുകാരുമായി സംഘർഷമുണ്ടായിരുന്നു. എഴുന്നെളളിപ്പിനിടെ സിപിഎം പ്രവർത്തകർ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുകയും ഇത് തടയാനെത്തിയ തലശേരി സിഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 27 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് വീണ്ടും സംഘർഷമുണ്ടായത്.
പ്രധാനപ്രതി ദിപിനെ കസ്റ്റഡിയിലെടുത്തത് പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി. പൊലീസുകാരെ പൂട്ടിയിട്ട ശേഷം ഇവർ ദിപിനെ പൊലീസ് വാഹനത്തിൽ നിന്നും ബലം പ്രയോഗിച്ച് മോചിപ്പിച്ചു. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നതും തടഞ്ഞു. കേരളം ഭരിക്കുന്നത് തങ്ങളുടെ പാർട്ടിയാണെന്നും പാർട്ടിക്കാരെ തൊട്ടുകളിച്ചാൽ തലശേരി സ്റ്റേഷനിൽ ആരുമുണ്ടാവില്ലെന്നും ഭീഷണി ഉയർത്തിയാണ് അക്രമമുണ്ടായതെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ 4 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിലവിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾ മാത്രമാണ് അറസ്റ്റ് ചെയ്തത്. കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്‌തെത്തി.















