നാളെ ദുബായിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് ചിന്തിക്കാനാകില്ല. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ 60 റൺസിന് ന്യൂസിലൻഡിനോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. മോശം ബാറ്റിംഗിന്റെ ഫലമായി റൺറേറ്റും തീരെ കുറവ്. ഇതും മറ്റൊരു തിരിച്ചടിയായി.
ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനും താഴെയാണ് പാകിസ്താന്റെ സ്ഥാനം. -1.200 ആണ് പാകിസ്താന്റെ നെറ്റ് റൺറേറ്റ്. ബംഗ്ലദേശിന്റേത് -0.408 ഉം. അതേസമയം ഇന്ത്യയോട് പരാജയപ്പെട്ടാൽ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ ടൂർണമെൻ്റിൽ നിന്ന് ഫലത്തിൽ പുറത്താകും. കാരണം ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിനാണ് കൂടുതൽ സാദ്ധ്യത കല്പിക്കപ്പെടുന്നത്.
ഇനി അതേസമയം ഇന്ത്യക്കെതിരെ പാകിസ്താൻ വിജയം നേടിയാൽ ഗ്രൂപ്പിലെ കാര്യങ്ങൾ ഒന്നുകൂടി മുറുകും. ന്യൂസിലൻഡിനെതിരെ വിജയിക്കുന്നവർ നോക്കൗട്ടിലേക്ക് കടക്കുന്ന സ്ഥിതിയിലേക്ക് സാഹചര്യങ്ങൾ മാറും. ഇന്ത്യക്കെതിരെയുള്ള മത്സരം കഴിഞ്ഞാൽ പാകിസ്താൻ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. താരതമ്യേന എളുപ്പമെന്ന് കരുതുന്നെങ്കിലും 35/5 എന്ന നിലയിൽ തകർന്നിട്ടും ഇന്ത്യക്കെതിരെ തിരിച്ചുവന്ന ബംഗ്ലാദേശിനെ തള്ളിക്കളയാനാകില്ലെന്നതും പാകിസ്താൻ ഓർക്കുന്നത് നല്ലതാണ്.