മോഹൻലാൽ നായകനാവുന്ന തുടരും സിനിമയുടെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ തരുൺ മൂർത്തി. കഴിഞ്ഞ ദിവസം പുറത്തെത്തിയ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇതിനോടകം ഇടംനേടി കഴിഞ്ഞു. നാട്ടിൻപുറത്തെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടുന്ന പോസ്റ്ററുകളാണ് പുറത്തെത്തിയത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് തരുൺ മൂർത്തി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. തികച്ചുമൊരു കുടുംബകഥ പറയുന്ന ചിത്രമാണ് തുടരും എന്ന് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാണ്. നടി ശോഭനയോടൊപ്പമുള്ള പോസ്റ്ററും ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയാണ്. പോസ്റ്ററുകൾ എത്തിയതിന് പിന്നാലെ മോഹൻലാലിന് ആശംസകൾ അറിയിച്ച് ആരാധകരും കമന്റ് ബോക്സിലെത്തി.

ഒരു കാലത്ത് സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത്, ഒരുപാട് വർഷങ്ങൾക്ക് ശേഷം സൂപ്പർ ഹിറ്റ് കോംബോയെ ഒരിക്കൽ കൂടി കാണാൻ കാത്തിരിക്കുന്നു, അടുത്ത ഹിറ്റടിക്കാൻ ലാലേട്ടൻ എത്തി – എന്നിങ്ങനെ നീളുന്ന കമന്റുകൾ.

മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററുകൾ നേരത്തെയും പുറത്തെത്തിയിരുന്നു. ചന്തയിൽ നിന്ന് സാധനങ്ങളുമായി മടങ്ങുന്ന പോസ്റ്റർ വളരെയധികം ജനപ്രീതി നേടിയിരുന്നു.















